ദുബായ് : പ്രവാസികളും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.
നോർക്കയുടെ പ്രവാസി ഐ.ഡി കാർഡ് ഉടമകൾക്കും കുടുംബാംഗങ്ങൾക്കും ഒമാൻ എയർവെയ്സിൽ യാത്രക്കൂലിയിൽ കിട്ടുന്ന ഏഴ് ശതമാനം ഇളവ് കൂടുതൽ വിമാന കമ്പനികളിൽ നിന്ന് നേടിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് ഇന്ത്യൻ അക്കാഡമി സ്‌കൂളിൽ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്റി.
വിശേഷാവസരങ്ങൾക്കനുസരിച്ച് കൂടുതൽ വിമാനങ്ങൾ ആ സെക്ടറിൽ അനുവദിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്റി ഉറപ്പു നൽകിയിട്ടുണ്ട്..
പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.
തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനം നൽകി അംഗീകൃത തൊഴിലാളികളാക്കുന്ന സംവിധാനം ഗൗരവമായി ആലോചിക്കുന്നുണ്ട്. . സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നോർക്ക റൂട്ട്സ് മേഖലാ ഓഫീസുകളിൽ സൗകര്യമൊരുക്കി. കേരള സർക്കാരുമായി ബന്ധപ്പെടാനുള്ള പ്രയാസം കുറയ്ക്കാനാണ് പ്രവാസി ഐ.ഡി കാർഡ് വിതരണം ചെയ്യുന്നത്. പ്രവാസികളുടെ നിയമ പ്രശ്നങ്ങളിൽ മലയാളി അഭിഭാഷകരുടെ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. എംബസികളിൽ മലയാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നുണ്ട്. ഡിസംബറിൽ കൊച്ചിയിൽ ഇന്റർനാഷണൽ എംപ്ലോയർ കോൺഫറൻസ് നടത്തും. പ്രവാസി പെൻഷൻ 500 രൂപയിൽ നിന്ന് 2000 ആക്കി വർദ്ധിപ്പിച്ചത് പ്രവാസികളോടുള്ള കരുതലിന്റെ ഭാഗമാണെന്നും മുഖ്യമന്ത്റി പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്റിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ, മുഖ്യമന്ത്റിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ലോകകേരള സഭാംഗം ആർ.പി. മുരളി, എൻ.കെ. കുഞ്ഞഹമ്മദ് എന്നിവരും സംസാരിച്ചു.