തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ കലാ, സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തത് മോദി സർക്കാരിന്റെ സാംസ്കാരിക ഫാസിസമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ജനാധിപത്യ വിശ്വാസികളും രാജ്യസ്നേഹികളും ഭയപ്പെടുന്നു. കൊല്ലുന്നവർ സുരക്ഷിതരും അതു ചൂണ്ടിക്കാട്ടുന്നവർ ജയിലിലും എന്നതാണോ മോദി സർക്കാരിന്റെ നയം?.ഫാസിസം ഏറ്റവും ബീഭത്സമായ രൂപമണിഞ്ഞ് ജനങ്ങളെ നിശബ്ദമാക്കുകയാണ്. ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും മതേതരത്വത്തിനും ലോകത്തിനു മാതൃകയായിരുന്ന നമ്മുടെ രാജ്യത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഒട്ടും അഭിമാനകരമല്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.