തിരുവനന്തപുരം : ആർ.സി.സി സർജറി വിഭാഗം മുൻ മേധാവിയും മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടറുമായിരുന്ന ഡോ. എം. ഇക്ബാൽ അഹമ്മദ് (68) നിര്യാതനായി. കൊല്ലം തങ്ങൾകുഞ്ഞു മുസ്‌ലിയാരുടെ മകൾ മറിയം ബീവിയാണ് ഭാര്യ. ഫർസാന അഹമ്മദ്, ഫിറോസ് അഹമ്മദ് എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ.അനീഷ്, അഫ്സാൻ. കബറടക്കം ഇന്നലെ വൈകിട്ട് 4ന് കണിയാപുരം പരിയാരത്തുംകര പഴയ ജുമാഅത്ത് കബർസ്ഥാനിൽ നടന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബി.എസ്‌സി പഠനശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും നേടി. 1986ൽ ആർ.സി.സിയിൽ പ്രവേശിച്ചു. 2000 മുതൽ ഏഴ് വർഷം ഡെപ്യൂട്ടേഷനിൽ മലബാർ കാൻസർ സെന്റർ ഡയറക്ടറായി. മടങ്ങിയെത്തിയ അദ്ദേഹം ആർ.സി.സിയിൽ സർജറി വിഭാഗം മേധാവിയായി 2016ലാണ് വിരമിച്ചത്.
നിലവിൽ കിംസ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആതുരസേവനരംഗത്ത് സൗമ്യമായ പെരുമാറ്റത്തിലൂടെ രോഗികളുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട ഡോക്ടറായി മാറിയ ഇക്ബാൽ കേരളത്തിൽ കാൻസർ രോഗനിർണയ, തുടർ ചികിത്സാരംഗത്ത് സുപ്രധാന പങ്കുവഹിച്ചു.