തിരുവനന്തപുരം: ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും വളർന്ന് വരുന്ന അസഹിഷ്ണുതക്കും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയിട്ടുള്ള കേസുകൾ അടിയന്തിരമായി പിൻവലിച്ച് കേന്ദ്ര സർക്കാർ രാജ്യത്തോട് മാപ്പു പറയണമെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. വിയോജിക്കുന്നവരെ അത്യന്തം ബഹുമാനിക്കുന്ന പാരമ്പര്യമാണ് ചരിത്രാതീത കാലം മുതൽക്കെ ഇന്ത്യ പിന്തുടർന്നു വന്നത്. അടൂർ ഗോപാലകൃഷ്ണനെയും ശ്യാം ബനഗലിനെയും മണിരത്നത്തെയുമൊക്കെപോലുള്ള വ്യക്തിത്വങ്ങൾ നമ്മുടെ സാംസ്‌കാരിക മേഖലക്ക് നൽകിയ സംഭാവനകൾ അതുല്യമാണ്. അവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നത് രാഷ്ട്രത്തെ അപരിഷ്‌കൃത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.