vigilance

വിഴിഞ്ഞം: ഓപ്പറേഷൻ വെൽഫെയർ എന്ന പേരിൽ വിജിലൻസ് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ അംഗൻവാടികളിലേക്കുള്ള അമൃതംപൊടി വിതരണത്തിൽ ക്രമക്കേട് കണ്ടെത്തി. അതിയന്നൂർ ഐ.സി.ഡി.എസ് ഓഫീസിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലും അനുബന്ധ അംഗൻവാടികളിലും നടത്തിയ പരിശോധനയിൽ ഏപ്രിൽ മാസം 1172 കിലോ അമൃതം പൊടി അംഗൻവാടികൾക്കായി പഞ്ചായത്ത് വാങ്ങിയെങ്കിലും ഇവ വിതരണം ചെയ്യാതെ തിരിമറി നടത്തിയെന്ന് കണ്ടെത്തി. അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിവരം രേഖപ്പെടുത്തുന്ന രജിസ്റ്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും എല്ലാ മാസവും നടത്തേണ്ട എ.എൽ.എം.എസ്.സി കമ്മിറ്റി നടത്തിയെന്ന് വ്യാജമായി എഴുതിച്ചേർത്തെന്നും കണ്ടെത്തി. സംയോജിത ശിശു വികസന പദ്ധതി (ഐ.സി.ഡി.എസ്) പ്രകാരം അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കൾ വാങ്ങുന്നതിലും വിതരണം നടത്തുന്നതിലും ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തുകളും കോടികളുടെ വെട്ടിപ്പ് നടത്തുന്നതായി വിജിലൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11 മുതൽ വിജിലൻസ് ഡയറക്ടർ അനിൽകാന്ത്, വിജിലൻസ് ഇൻസ്‌പെക്ടർ ജനറൽ എച്ച്. വെങ്കിടേഷ്, ഡിവൈ.എസ്.പി ഇ.എസ്. ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.