തിരുവനന്തപുരം: ഫ്ലക്‌സ് നിരോധനം പിൻവലിക്കുക, പ്രിന്റിംഗ് സ്ഥാപനങ്ങളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് രക്ഷിക്കുക, ഫ്ലക്‌സ് റീസൈക്ലിംഗ് പ്ലാന്റിന് ആവശ്യമായ സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ (എസ്.പി.ഐ.എ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന റിലേ സത്യാഗ്രഹം അഞ്ച് ദിവസം പിന്നിട്ടു. സത്യാഗ്രഹത്തിന്റെ അഞ്ചാം ദിവസം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഫ്ലക്സ് നിരോധനം അംഗീകരിക്കാനാകില്ലെന്നും ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഫ്ലക്സ് റീസൈക്ലിംഗ് പ്ലാന്റിന് ആവശ്യമായ സ്ഥലം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാധികാരി വെൺപകൽ ചന്ദ്രമോഹൻ, ജില്ലാ പ്രസിഡന്റ് ആറ്റുകാൽ ഹരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖര പിള്ള, സമരസമിതി ജനറൽ കൺവീനർ കരമന രാജീവ് തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവർത്തകരാണ് ഇന്നലെ സത്യാഗ്രഹത്തിൽ പങ്കെടുത്തത്.