കിളിമാനൂർ:റവന്യൂ പുറമ്പോക്ക് ഭൂമിയിൽ ചന്ദനക്കൊള്ള. 4 ചന്ദന മരങ്ങൾ മുറിച്ച് കടത്തി. ഒരെണ്ണം ഭാഗികമായി അറുത്ത നിലയിൽ. നിലമേൽ വില്ലേജിൽ വേയ്ക്കൽ പാറക്കുന്നിലെ റവന്യൂ ഭൂമിയിൽ നിന്നിരുന്ന നാല് ചന്ദന മരങ്ങളാണ് മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ റെയ്ഞ്ചർ ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 9 ഹെക്ടറോളം വരുന്ന റവന്യൂ ഭൂമിയിൽ 90 ശതമാനവും പാറയാണ്. പത്ത് ശതമാനത്തോളം വരുന്ന കാടിനുള്ളിലാണ് ചന്ദന മരങ്ങൾ ഉള്ളത്. ഇതിനു സമീപം ഏഴോളം കുടുംബങ്ങൾ കുടികിടപ്പുണ്ട്. ചന്ദന മരങ്ങൾ കട്ടർ ഉപയോഗിച്ച് തറനിരപ്പിൽ നിന്ന് അറുത്ത് മാറ്റിയാണ് കടത്തിയത്. ഒരു മരം അറുത്ത് മാറ്റി സമീപത്ത് ഉപേക്ഷിച്ച നിലയിലും മറ്റൊരു മരം ഭാഗികമായി അറുത്ത നിലയിലുമാണ് കണ്ടത്. രണ്ട് മരങ്ങൾ മാസങ്ങൾക്ക് മുൻപ് മുറിച്ചതായാണ് നിഗമനം. 8 ഇഞ്ച് വ്യാസമുള്ള മരങ്ങളാണ് മുറിച്ച് കടത്തിയത്. മരങ്ങൾക്ക് സമീപമുള്ള ഒരു കുടുംബത്തിലെ വളർത്ത് നായ്ക്കൾക്ക് അജ്ഞാതർ വിഷം നൽകി കൊന്നിരുന്നു. ഇത് മരം മുറിച്ച് കടത്താൻ വന്നവരാകാമെന്ന് വീട്ടുകാർ പറയുന്നു. റവന്യൂ ഭൂമിയിലെ ചന്ദനമരം മുറിച്ച് കടത്തിയ സംഭവുമായി ബന്ധപ്പെട്ട് നിലമേൽ വില്ലേജോഫീസർ ചടയമംഗലം പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി മരങ്ങൾ ഈ പ്രദേശത്ത് നിൽക്കുന്നതിനാൽ സ്ഥലത്ത് പൊലീസിന്റെയും വനംവകുപ്പിന്റെയും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി.