തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാരുടെ ക്ഷാമം കാരണം സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ ഇന്നു മുതൽ ദിവസക്കൂലി നിയമനം. മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സർവീസുകൾ മുടങ്ങാതിരിക്കാൻ ആവശ്യമുള്ള ഡ്രൈവർമാരെ ഓരോ ദിവസത്തേക്ക് നിയോഗിക്കാനുള്ള അധികാരം യൂണിറ്റ് ഓഫീസർമാർക്ക് നൽകി.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2320 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി കാരണം രണ്ടു ദിവസമായി സർവീസുകൾ വ്യാപകമായി മുടങ്ങിയിരുന്നു. ഇതു മറികടക്കാനാണ് പുതുതായി ദിവസ വേതനക്കാരെ നിയമിക്കുന്നത്. അതേസമയം, കോടതിയലക്ഷ്യം ഒഴിവാക്കാനുള്ള മുൻകരുതലുകൾ പുതിയ നിയമനവ്യവസ്ഥകളിലുണ്ട്.

സ്ഥിരജീവനക്കാരായ ഡ്രൈവർമാർ അവധിയിൽ പോകുന്ന ഒഴിവിലേക്കാണ് താത്കാലിക നിയമനം. യാത്രക്കാരുടെ തിരക്കുള്ള ദിവസങ്ങളിൽ ബസ് മുടങ്ങുന്നത് ഒഴിവാക്കാൻ പരിചയസമ്പന്നരും നിശ്ചിത യോഗ്യതയുള്ളവരുമായ ഡ്രൈവർമാരെ ഒാരോ ദിവസത്തേക്ക് നിയമിക്കാനാണ് അനുമതി. ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യുന്ന ജീവനക്കാർ ഡ്രൈവർമാരായി മാത്രം ഡ്യൂട്ടി നോക്കാനും നിർദ്ദേശിച്ചിട്ടുണ്ട്

സർവീസ് റദ്ദാകുന്നത് ഒഴിവാക്കാൻ ഡിപ്പോ മേധാവികൾ പെടാപ്പാടിലാണ്. തുടർച്ചയായി രണ്ടു ദിവസം ഡ്യൂട്ടി ചെയ്തവരോട് ഇന്നും ജോലിക്കെത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്. പല ‌ഡ്രൈവർമാരും ഇതിനോട് അനുകൂലമായല്ല പ്രതികരിക്കുന്നതെന്ന് ഡിപ്പോ അധികാരികൾ പറയുന്നു. യാത്രാക്ലേശം പരിഹരിക്കാൻ വീണ്ടും താത്കാലിക നിയമനമല്ലാതെ സർക്കാരിന് വഴിയില്ല.

 ഒഴിവാക്കിയവ‌ർക്കും അവസരം

പിരിച്ചുവിട്ട ഡ്രൈവർമാരെക്കൂടി എത്തിച്ച് സർവീസ് പഴയപടിയാക്കാനാണ് കോർപറേഷന്റെ ശ്രമം. ഇവരിൽ കുറച്ചു പേരോട് ഇന്നും 9, ​11 തീയതികളിലും ഡ്യൂട്ടിക്കെത്താൻ ഡിപ്പോ അധികാരികൾ വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്യൂട്ടി ബുക്കിൽ പേര് എഴുതാതെ ആയിരിക്കും ഇവരെ ഡ്യൂട്ടിക്ക് അയയ്ക്കുക. പുതിയ താത്കാലികക്കാരെ എടുക്കുന്ന മുറയ്ക്ക് ഇവരെ ഒഴിവാക്കും.

ഹൈക്കോടതി വിധിയെ തുടർന്ന് ഇത് രണ്ടാം തവണയാണ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടേണ്ടി വന്നത്. നിയമന വ്യവസ്ഥകൾ പൂർണമായും ലംഘിച്ച എം. പാനൽ രീതി ആദ്യം ഒഴിവാക്കി. അതിനു ശേഷം നടത്തിയ താത്കാലിക നിയമനത്തിൽ സംഭവിച്ച പാളിച്ചയാണ് വീണ്ടും പിരിച്ചുവിടലിലേക്ക് എത്തിച്ചത്. പഴയപടി എം.പാനൽ നിയമനമല്ലെന്നു തെളിയിക്കാൻ സർക്കാരിന് കഴിയാതിരുന്നതോടെ കോടതി വീണ്ടും പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.