കാട്ടാക്കട: മൊബൈൽ ബാങ്കിംഗിനെക്കുറിച്ച് അധികം അറിവില്ലാത്ത സാധാരണക്കാരുമായി സൗഹൃദം സ്ഥാപിച്ച് അക്കൗണ്ട് നമ്പർ മനസിലാക്കി പണംതട്ടിയ ആൾ പിടിയിൽ. മലപ്പുറം പൊന്നാനി നരിപ്പറമ്പ് ഈശ്വരമംഗലം ചുള്ളിക്കൽ ഹൗസിൽ ഷമീർ അലി (32)ആണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. കാട്ടാക്കട പൊലീസ്‌സ്റ്റേഷൻ പരിധിയിലെ നിരവധി ലോട്ടറി കച്ചവടക്കാർക്ക് ലോൺ സംഘടിപ്പിച്ചു നൽകാമെന്ന വ്യാജേന ഇയാൾ ഇത്തരത്തിൽ പണം തട്ടിയെടുത്തിരുന്നു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ധാരാളം ലോട്ടറിയെടുക്കുന്ന പ്രതി ലോട്ടറി വില്പനക്കാരുമായി എളുപ്പത്തിൽ സൗഹൃദം സ്ഥാപിച്ച് അവരെ തട്ടിപ്പിനിരയാക്കുകയാണ് പതിവ്. വീരണകാവ് സ്വദേശിയായ സുരേഷിൽ നിന്ന് 50,000രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. സുരേഷുമായി സൗഹൃദത്തിലായ ഷമീർ അലി ഫോൺ ചെയ്യാനെന്ന വ്യാജേന ഫോൺ വാങ്ങി സിംകാർഡ് ഊരിമാറ്റി ഇയാളുടെ ഫോണിലിട്ട് സുരേഷിന്റെ ഭാര്യയുടെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും പണം മാറ്റുകയും പ്രതിയുടെ കൈവശമുള്ള സുഹൃത്തിന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയുമായിരുന്നു. സുരേഷ് കാട്ടാക്കടയിലെ ബാങ്കിൽ പണമെടുക്കാൻ എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. പ്രതിയെ തമിഴ്നാട് കൂടംകുളത്ത് നിന്നാണ് അറസ്റ്റു ചെയ്തത്. വർഷങ്ങൾക്ക് മുൻപ് മലപ്പുറത്തു നിന്ന് നാടുവിട്ട ഇയാൾ കൂടുതൽ കേസുകളിൽ പ്രതിയാണോ എന്നതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു.
ഫോട്ടോ..............പ്രതി ഷമീർ അലി