തിരുവനന്തപുരം:വട്ടിയൂർക്കാവിൽ തന്റെ പ്രചാരണത്തിന് പല കോൺഗ്രസ് നേതാക്കളുടെയും സഹകരണം കിട്ടുന്നില്ലെന്ന പരാതിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ. താൻ നേരത്തേ ഇവിടെ മത്സരിച്ചപ്പോഴും ഇതായിരുന്നു സ്ഥിതിയെന്ന മറുപടിയുമായി വട്ടിയൂർക്കാവ് മുൻ എം.എൽ.എ കൂടിയായ കെ. മുരളീധരൻ എം.പി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയ സമയത്ത് തുടങ്ങിയ അസ്വാരസ്യങ്ങൾക്ക് ഇനിയും ശമനമില്ല.
മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണത്തിന് വേണ്ടത്ര ഊർജ്ജമില്ലെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം വേണ്ടത്ര സഹകരിക്കുന്നില്ലെന്നുമായിരുന്നു മോഹൻകുമാറിന്റെ പരാതി. പ്രചാരണ രംഗത്ത് തിരുവനന്തപുരം എം.പി ശശി തരൂരിന്റെ അസാന്നിദ്ധ്യം ചില നേതാക്കളും കെ.പി.സി.സി നേതൃത്വത്തെ ധരിപ്പിച്ചു. കെ.പി.സി.സി അദ്ധ്യക്ഷനടക്കമുള്ളവർ ബന്ധപ്പെട്ടതോടെ, അടുത്ത ദിവസം മുതൽ മണ്ഡലത്തിൽ സജീവമാവുമെന്ന് ഫേസ്ബുക്ക് പോസ്റ്രിൽ ശശി തരൂർ വ്യക്തമാക്കി. ഡൽഹിയിൽ ചില മീറ്രിംഗുകളിൽ പങ്കെടുക്കേണ്ടതിനാലാണ് പ്രചാരണത്തിന് എത്താൻ കഴിയാതിരുന്നതെന്ന വിശദീകരണവും അദ്ദേഹം നൽകി. തരൂരിനെ നേതൃത്വം അനുനയിപ്പിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ വക കതിനാ വെടി.
വട്ടിയൂർക്കാവിൽ താൻ മത്സരിച്ചപ്പോൾ ആരും സഹായത്തിന് എത്തിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റിയും താനും ഒറ്റയ്ക്കാണ് പ്രചാരണം നടത്തിയതെന്നുമാണ് ഇന്നലെ ഒരു മാദ്ധ്യമത്തോട് മുരളീധരൻ പ്രതികരിച്ചത്. ആരും സഹായിക്കാൻ ഇല്ലാതിരുന്നിട്ടും 7600 ലധികം വോട്ടുകൾക്ക് താൻ ജയിച്ചു. എം.പി എന്ന നിലയിൽ വടകരയിൽ ചില കാര്യങ്ങൾ ചെയ്യാനുള്ളതിനാലാണ് വട്ടിയൂർക്കാവിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്താൻ കഴിയാതിരുന്നത്. ഇന്ന് മുതൽ സജീവമായി രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുരളീധരൻ നിർദ്ദേശിച്ച പീതാംബരക്കുറുപ്പിനെ വെട്ടിയാണ് മോഹൻകുമാറിനെ ഒടുവിൽ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയത്. പീതാംബരക്കുറുപ്പിനെതിരെ മണ്ഡലത്തിലെ ചില പ്രവർത്തകരിൽ നിന്നുയർന്ന പ്രതിഷേധം നേതൃത്വത്തിന് കാര്യങ്ങൾ എളുപ്പമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ശശി തരൂരും പാർട്ടി നേതാക്കളുടെ നിസഹകരണത്തെക്കുരിച്ച് ഹൈക്കമാൻഡിന് നേരിട്ട് പരാതി നൽകിയിരുന്നു. ഒടുവിൽ എ.കെ. ആന്റണി ഇടപെട്ടാണ് പരിഹാരമുണ്ടാക്കിയത്.