1

തിരുവനന്തപുരം: ഡ്രൈവർ ക്ഷാമം കാരണം കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറച്ചതോടെ ഏറ്റവും കൂടുതൽ ദുരിതത്തിലായത് തലസ്ഥാനത്തെ യാത്രക്കാരാണ്. വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ മണിക്കൂറോളം റോഡു വക്കിൽ കാത്തുനിന്നു. രാത്രി സർവീസ് കുറച്ചതോടെ ജില്ലയിലെ വിവിധഭാഗങ്ങളിൽ ജോലിക്കുപോയ സാധാരണക്കാർ വീട്ടിലെത്താനാകാതെ വലഞ്ഞു. സമാന്തര സർവീസുകളായിരുന്നു പലർക്കും ആശ്രയം. ഗ്രാമ പ്രദേശങ്ങളിലേക്ക് നാമമാത്രമായി സർവീസ് നടത്തിയിരുന്ന സർവീസുകൾ പോലും റദ്ദാക്കി. നഗരപ്രദേശത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും കെ.എസ്.ആർ.ടി.സിയുടെ കുത്തക പാതകളായ നെയ്യാറ്റിൻകര, നെടുമങ്ങാട് പ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു. വരുമാനം കുറഞ്ഞ ബസുകളാണ് ആദ്യഘട്ടത്തിൽ റദ്ദാക്കിയത്. സെൻട്രൽ ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര ബസുകൾ കാര്യമായി മുടങ്ങിയില്ലെങ്കിലും യാത്രക്കാരുടെ തിരക്ക് രൂക്ഷമായിരുന്നു. അതേസമയം സ്വകാര്യബസുകൾ കൂടുതലുള്ള ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, കിളിമാനൂർ ഭാഗങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ പിൻമാറ്റം വലിയ യാത്രാക്ലേശമുണ്ടാക്കിയിട്ടില്ല. കിളിമാനൂരിൽ എട്ട്, ആറ്റിങ്ങലിൽ ആറ് ഷെഡ്യൂളുകൾ മുടങ്ങി. മലയോര ഡിപ്പോകളിൽ സർവീസുകൾ പകുതിയായി വെട്ടിക്കുറച്ചു. പലരും കിലോമീറ്ററുകൾ നടന്നാണ് യാത്ര ചെയ്തത്.

വെട്ടിച്ചുരുക്കൽ ഇങ്ങനെ

110 സർവീസുള്ള നെയ്യാറ്റിൻകര ഡിപ്പോയിൽ 72 സർവീസാണ് നടത്തിയത്. ഇവിടെ 98 ഡ്രൈവർമാരെയാണ് ഒഴിവാക്കിയത്. 50 ലേറെ ഷെഡ്യൂളുള്ള വെള്ളറട ഡിപ്പോയിൽ ഇന്നലെ 27 ഷെഡ്യൂളുകളാണ് സർവീസ് നടത്തിയത്. 71 ഡ്രൈവർമാരെയാണ് ഇവിടെ പിരിച്ചുവിട്ടത്. പൂവാർ ഡിപ്പോയിൽ 16 സർവീസുകൾ മുടങ്ങി. 62 ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്. പാറശാല ഡിപ്പോയിൽ 18 സർവീസുകൾ മുടങ്ങി. നെടുമങ്ങാട്ട് നിന്ന് 11 ബസുകൾ റദ്ദാക്കി. ഗ്രാമീണ മേഖലകളിൽ പ്രധാന റൂട്ടുകളിൽ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

ജില്ലയിൽ ഇന്നലെ റദ്ദാക്കിയത് 312 സർവീസുകൾ

മുടങ്ങിയ സർവീസുകൾ

 നെയ്യാറ്റിൻകര ഡിപ്പോ 38

വെള്ളറട ഡിപ്പോ 23

പൂവാർ ഡിപ്പോ 16

നെടുമങ്ങാട് ഡിപ്പോ 11

 സമാന്തര സർവീസുകൾ ഇല്ലാതിരുന്നെങ്കിൽ...

കെ.എസ്.ആർ.ടി.സിയുടെ വരുമാനം കുറയുന്നുവെന്നു പറ‌ഞ്ഞാണ് ജില്ലയിലെ വിവിധ ഗ്രാമീണ പ്രദേശങ്ങളിൽ സമാന്തര സർവീസു നടത്തുന്നവരെ മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡും പൊലീസും ചേർന്ന് ഒതുക്കിയത്. നിരന്തരം പിഴ ചുമത്തിയും കേസിൽപെടുത്തുകയും ചെയ്തതോടെ നിരവധി പേർ സർവീസു നടത്തുന്നതിൽ നിന്ന് പിൻവാങ്ങി. എന്നാൽ രണ്ടു ദിവസമായി കെ.എസ്.ആർ.ടി.സി സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതോടെ ജനം തെരഞ്ഞത് സമാന്തര സ‌ർവീസുകളെയായിരുന്നു. മിക്കയിടത്തും സമാന്തര സർവീസുകൾ ഉണ്ടായിരുന്നു.