-secrateriate

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരിൽ പലർക്കും ഇത്തവണ ശമ്പളം മുടങ്ങിയതിനു പിന്നിൽ പഞ്ചിംഗും ശമ്പള വിതരണ സോഫ്‌ട് വെയർ ആയ സ്പാർക്കും യോജിപ്പിച്ചതിലെ പിഴവ്. പലർക്കും മുഴുവൻ ശമ്പളത്തുക കിട്ടാതിരുന്നപ്പോൾ ചിലരുടെ ശമ്പളം അപ്പാടെ തടഞ്ഞു. പഞ്ചിംഗും സ്പാർക്കും കൂട്ടിച്ചേർത്ത് ശമ്പളം കണക്കുകൂട്ടിയ ആദ്യ തവണ തന്നെ സംഭവിച്ച പിഴവ് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

അപേക്ഷ നൽകി ലീവെടുത്തവർക്കു പോലും അനധികൃത അവധിയെന്നു കണക്കാക്കി ഒരു ദിവസത്തെ ശമ്പളവും ഡി.എ, എച്ച്. ആർ.എ, സി.സി.എ തുടങ്ങിയ ആനുകൂല്യങ്ങൾ കൂടി ചേർത്ത് വൻതുക കിഴിച്ചാണ് ശമ്പളം നൽകിയത്. അപേക്ഷ കൂടാതെ അവധിയെടുത്ത ചിലർക്ക് ശമ്പളം മുഴുവൻ കിട്ടുകയും ചെയ്തു! ലീവ് അപേക്ഷ വകുപ്പ് മേധാവി അംഗീകരിച്ചെങ്കിലും അത് സ്പാർക്കിൽ രേഖപ്പെടുത്തിയില്ലെന്ന പരാതിയുമുണ്ട്.

പരാതി പരിഹരിക്കാൻ സ്പാർക്കിൽ വ്യവസ്ഥയില്ല എന്നതാണ് ജീവനക്കാരെ അലട്ടുന്നത്. ഇത് സോഫ്ട് വെയറിൽ കണ്ടുപിടിച്ച് തിരുത്താൻ സംവിധാനമൊരുക്കിയ ശേഷം, പിടിച്ച തുക നൽകുമെന്നാണ് ഇപ്പോഴത്തെ മറുപടി. എന്നു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.

സോഫ്ട് വെയറിൽ ലീവ് കണക്കാക്കുന്നത് തലേ മാസം 16 മുതൽ നടപ്പു മാസം 15 വരെയുള്ള ദിവസങ്ങളിലാണ്. ഇൗ സംവിധാനം ശരിയായി പ്രവർത്തിക്കാതിരുന്നതാണ് ആശയകുഴപ്പമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് ഏർപ്പെടുത്തിയിട്ട് ഒരുവർഷമായെങ്കിലും ശമ്പള വിതരണ സോഫ്ട് വെയറുമായി ഇതിനെ ബന്ധിപ്പിച്ചത് ഈ മാസം മാത്രമാണ്. സെക്രട്ടേറിയറ്റിൽ ഐ. എ. എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4822 ജീവനക്കാരാണ് പഞ്ചിംഗ് സംവിധാനത്തിനു കിഴിൽ. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ബാങ്കുകളിലെ തിരക്കു മൂലമുണ്ടായ സാങ്കേതിക തകരാർ കാരണമാണ് ചിലരുടെ ശമ്പളം വൈകിയതെന്നും പഞ്ചിംഗ് സംവിധാനവുമായി ഇതിനു ബന്ധമില്ലെന്നം പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പറഞ്ഞു.