ശ്രീകാര്യം : കടയുടെ മുന്നിലെ റോഡിൽ നിന്ന് ലഭിച്ച അമ്പതിനായിരം രൂപ ഉടമസ്ഥന് തിരികെ നൽകി വ്യാപാരി മാതൃകയായി. ശ്രീകാര്യം കരിയം സ്‌കൂളിന് മുന്നിൽ സിമന്റ് കട നടത്തുന്ന ജഗന്നാഥനാണ് പണമടങ്ങിയ പൊതി ലഭിക്കുന്നത്. ശ്രീകാര്യം ചാവടിമുക്കിന് സമീപം പഴയ കാറുകൾ വിൽക്കുന്ന സ്ഥാപന ഉടമ എബ്രഹാം ജോണിന്റെ പക്കൽ നിന്നാണ് പണം നഷ്ടമായത്. രണ്ടായിരത്തിന്റെ ഇരുപത്തഞ്ച് നോട്ടുകൾ പേപ്പറിൽ പൊതിഞ്ഞു റബർ ബാന്റിട്ട് അതിന്റെ പുറത്ത് ചിട്ടി പിടിച്ച തുകയെന്ന കുറിപ്പും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ജഗന്നാഥന് പണപ്പൊതി കിട്ടുന്നത്. പിറ്റേന്ന് രാവിലെ തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി കരിയം യൂണിറ്റിന്റെ ഭാരവാഹികളെ വിവരം ധരിപ്പിച്ചു. ഭാരവാഹികൾ ശ്രീകാര്യം സി.ഐയെ വിളിച്ച് വിവരം ധരിപ്പിച്ചപ്പോൾ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരാൾ സ്റ്റേഷനിൽ പരാതി നല്കിയിട്ടുള്ളതായി അറിയിച്ചു. മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ഉടമയെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ വച്ച് തുക കൈമാറുകയായിരുന്നു. വീടുപണിക്കായി ചിട്ടിപിടിച്ച തുകയായിരുന്നു ഇതെന്ന് ജോൺ പറഞ്ഞു. ജഗന്നാഥനോടൊപ്പം വ്യാപാരി സംഘടന ഭാരവാഹികളായ പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി സത്യൻ, രക്ഷാധികാരികളായ ഇടവക്കോട് ജഗന്നാഥൻ, ശരത് പി. കരിയം, ട്രഷറർ ബാബു എന്നിവരും സന്നിഹിതരായിരുന്നു.