തിരുവനന്തപുരം: വഴുതക്കാട് കലാഭവൻ തിയേറ്ററിന് സമീപത്തെ ആറു നിലകളിലുള്ള ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്‌സിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്. ബിൽഡിംഗിലെ ഒന്നാം നിലയിലുള്ള ഡിയാൻഡി കിഡ്സ് വെയറിന് സമീപത്താണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് തീ കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള സാധനങ്ങൾക്ക് തീപിടിച്ചതോടെ കനത്തപുക പ്രദേശത്താകെ വ്യാപിച്ചു. ചെങ്കൽച്ചൂളയിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പുക വ്യാപിച്ചതോടെ
നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നും 12ഓളം യൂണിറ്റുകളെത്തി തീ പൂർണമായും നിയന്ത്രിക്കുകയായിരുന്നു. ഒരു ഭാഗത്തേക്കുള്ള ഗതാഗതവും പൂർണമായും നിരോധിച്ചു. കെട്ടിടത്തിന്റെ ആദ്യ മൂന്ന് നിലകളിലായി സൂപ്പർമാർക്കറ്റ്, കിഡ്‌സ് വെയർ, വസ്ത്രശാല, ബാഗ് ഷോപ്പ് എന്നിവയാണ് ഉണ്ടായിരുന്നത്. ഈ കടകളിലേക്ക് തീ പടരുന്നത് തടയാനായെങ്കിലും കനത്ത പുക വ്യാപിച്ചതിനാൽ ഫയർഫോഴ്സിന് ആദ്യം കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് കെട്ടിടത്തിന്റെ ഗ്ലാസ് പൊട്ടിച്ചാണ് അകത്തുകടന്നത്. ഉടൻ തന്നെ ജീവനക്കാരും ഫയർഫോഴ്സും പൊലീസും ചേർന്ന് പ്ലാസ്റ്റിക്, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, തുണികൾ എന്നിങ്ങനെ തീ പടരാൻ സാദ്ധ്യതയുള്ള സാധനങ്ങൾ മാറ്റി. സാധനം വാങ്ങാനെത്തിയവരും അപകടസമയത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലുണ്ടായിരുന്നു. ഒന്നാം നിലയ്ക്ക് സമീപം തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരനാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഉടൻ തന്നെ ചെങ്കൽച്ചൂളയിൽ നിന്ന് ഫയർ ഫോഴ്സും പട്രോളിംഗിലുണ്ടായിരുന്ന പൊലീസും സ്ഥലത്തെത്തി. ഒന്നാം നിലയോട് ചേർന്നുള്ള ചെരിപ്പ് ഗോഡൗണിന് സമീപമാണ് തീപിടിച്ചതെന്നും ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നതായും ഫയർഫോഴ്സ് പറഞ്ഞു.
കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. തീ അണയ്ക്കുന്നതിനിടെ ചെങ്കൽച്ചൂളയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അരുണിന് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കവടിയാർ സ്വദേശി രാമചന്ദ്രപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. തീപിടുത്തതിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല. വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ വി.കെ. പ്രശാന്ത്, കെ. മോഹൻകുമാർ, എസ്. സുരേഷ് എന്നിവരും വി.എസ്.ശിവകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവരും സ്ഥലത്തെത്തി.