mohankumar

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന് വേണ്ടി ചില നേതാക്കൾ സജീവമല്ലെന്ന ആരോപണം ഉയർന്നത് തലസ്ഥാനത്തെ തന്നെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിനെ ഉദ്ദേശിച്ചതാണെന്ന് പാർട്ടിയുടെ ഉപശാലകളിൽ സംസാരം. കെ. മുരളീധരനെയോ ശശി തരൂരോ അല്ലെന്നും മറ്റൊരു നേതാവാണെന്നുമുള്ള തരത്തിലാണ് പാർട്ടിയിൽ മുറുമുറുപ്പ് ശക്തമാകുന്നത്. ഇദേഹത്തിന് ഒപ്പമുളള ഡി.സി.സി, കെ.പി.സി.സി ഭാരവാഹികളൊന്നും തന്നെ മണ്ഡലത്തിലെ പ്രചാരണത്തിൽ സജീവമാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. മോഹൻകുമാർ ജയിച്ച് വരുന്നത് തലസ്ഥാനത്തെ തന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ ഭീഷണിയാകുമെന്ന് കരുതുന്ന നേതാവാണത്രേ ഇത്. നേരത്തെ ശശിതരൂർ മത്സരിക്കുന്ന സമയത്തും ഈ നേതാവിനെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു. എന്നാൽ മണ്ഡലം കൺവെൻഷൻ അടക്കമുളള പരിപാടികളിൽ ഈ നേതാവ് പങ്കെടുക്കുന്നുമുണ്ട്. അതേസമയം, തന്റെ ഗ്രൂപ്പിൽ നിന്നു തന്നെ കൂടുതൽ അസ്വാരസ്യങ്ങൾ ഉയരുന്നത് കെ. മോഹൻകുമാറിന് കടുത്ത
അതൃപ്തിയുണ്ട്. ഇക്കാര്യം നേതൃത്വത്തെ അദ്ദേഹം അറിയിച്ചിട്ടുണ്ടത്രേ.

പ്രശ്നങ്ങൾ പരിഹരിച്ചു: കെ.മോഹൻകുമാർ

പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു.ശശിതരൂരും കെ.മുരളീധരനും ഇന്ന് മുതൽ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. ജയിച്ച് കയറുമെന്ന വിശ്വാസമുണ്ട്. എതിർ സ്ഥാനാർത്ഥികളുടെ പണക്കൊഴുപ്പ് വലിയൊരു ഭീഷണിയാണ്. കേന്ദ്ര-സംസ്ഥാന ഭരണം ഉപയോഗിച്ച് വലിയ തോതിൽ പണം ചെലവാക്കിയുളള പ്രചാരണമാണ് എൽ.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. അതേസമയം യു.ഡി.എഫിന് വിഭവ ശോഷണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.