health

ആഹാരം കിട്ടാത്തത് മുൻകാലങ്ങളിൽ വിളർച്ച രോഗത്തിന് പ്രധാനകാരണമായിരുന്നുവെങ്കിൽ ആഹാരം ധാരാളം കഴിക്കുന്നവർക്കും വിളർച്ച ഉണ്ടാകുന്നു എന്നതാണ് ഇക്കാലത്തെ സവിശേഷത. പല ആധുനിക ഭക്ഷണത്തിലും ശരിയായ പോഷണം ഉണ്ടാക്കുവാനുള്ള ഒന്നും അടങ്ങിയിട്ടില്ല എന്നതാണ് ഇതിനു കാരണം. ഭക്ഷണരീതിയിൽ നമുക്കു വന്ന വ്യത്യാസത്തിന്റെ പരിണത ഫലമാണ് വിളർച്ച.

പല ദീർഘകാല രോഗങ്ങളിലും ഇ.എസ്.ആർ വർദ്ധിക്കുന്നതും രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്നതും വിളർച്ച രോഗത്തിന് കാരണമാകും. പ്രാണവായുവിലെ ഓക്സിജനെ സ്വീകരിച്ച് കോശങ്ങളിൽ എത്തിക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡിനെ കോശങ്ങളിൽ തിരികെ കൊണ്ട് വരുന്നതിനും ഹീമോഗ്ലോബിൻ ആവശ്യമാണ്.

പ്രായപൂർത്തിയായ ഒരു പുരുഷന്റെ ശരീരത്തിൽ 14.5 ഗ്രാം ശതമാനവും സ്ത്രീയുടെ ശരീരത്തിൽ 13.5 ഗ്രാം ശതമാനവും ഹീമോഗ്ലോബിനാണ് സാധാരണ കാണേണ്ടത്. ഇതിൽ കുറവായാൽ വിളർച്ച ഉള്ളതായി പരിഗണിക്കാം. സ്ത്രീകൾക്കും കുട്ടികൾക്കും വിളർച്ച കൂടുതലായി കാണുന്നു.

അൾസർ , അർശസ്, മുറിവുകൾ,ആർത്തവം, പ്രസവം തുടങ്ങിയവ കാരണം രക്തം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നതും ശരീരത്തിൽ ഉണ്ടാകുന്ന ചില ട്യൂമറുകളുടെ വളർച്ചയ്ക്ക് കൂടുതൽ രക്തം ഉപയോഗിക്കപ്പെടുന്നതും ചുവന്ന രക്താണുക്കൾ ഉണ്ടാകുന്ന പ്രവർത്തനത്തിലെ തടസങ്ങളും കുടലിൽ പലവിധത്തിലുള്ള വിരകളുടെ സാന്നിധ്യവും ചില കരൾ രോഗങ്ങളും ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കാം.

രോഗാരംഭത്തിൽ തന്നെ തളർച്ച,ത്വക്കിന്റെ മൃദുത്വം നഷ്ടപ്പെട്ട് രൂക്ഷത വരിക,ഇടക്കിടെ തുപ്പുക,കൺപോളകളിൽ വീക്കം,കല്ലും മണ്ണും തിന്നുവാൻ താല്പര്യം, അരി തിന്നുക, ദഹനക്കുറവ്, നെഞ്ചിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും.

രോഗം വർദ്ധിക്കുന്നതിനനുസരിച്ച് കൈ കാലുകളിൽ പെരുപ്പ്,കഴപ്പ്, വേദന, ആഹാരം വെറുപ്പ്,പെട്ടെന്നുള്ള ദേഷ്യം,കിതപ്പ്,വെപ്രാളം ,ചെവിയിൽ ഊതുന്നശബ്ദം കേൾക്കുകയോ കൊട്ടി അടയ്ക്കുകയോ ചെയ്യുക, തലചുറ്റൽ ,തലവേദന എപ്പോഴും കിടക്കണം എന്ന്തോന്നൽ,കാഴ്ച മങ്ങുക,ഇടക്കിടെ നെഞ്ച് വേദന ,ശരീരത്തിന് ബലക്കുറവ് തുടങ്ങിയവ അനുഭവപ്പെടാം.
ശരീരത്തിന് ഗുണകരമായ ആഹാരസാധനങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗിക്കുക, അല്ലാത്തവ പരമാവധി കുറയ്ക്കുക .
വിളർച്ച പരിഹരിച്ചില്ലെങ്കിൽ നിരവധി മറ്റു രോഗങ്ങൾ കൂടി ഉണ്ടാകാൻ ഇത് കാരണമാകും.