മൃതശരീരം വർഷങ്ങളോളം കേടുപാട് കൂടാതെ സൂക്ഷിക്കാൻ ഏറ്റവും കിടുക്കൾ ഈജിപ്തുകാരാണെന്നാണ് പൊതുവേ കരുതുന്നത്. എന്നാൽ,ചൈനക്കാർ അതുക്കും മേലെയായിരുന്നു. 2,100 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഹാൻ വംശത്തിലെ ദായി എന്ന ചൈനീസ് രാജ്ഞിയുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് കേടുപാടുകൾ ഏറ്റവും കുറഞ്ഞ മമ്മി.
1968ലാണ് ഈ മമ്മി കണ്ടെത്തിയത്. ഹാൻ രാജാവായ ലി കാങ്ങിന്റെ പത്നിയായിരുന്ന ദായി രാജ്ഞി ബി.സി 168ൽ 50ാം വയസിലാണ് മരിച്ചത്. രാജ്ഞിയുടെ മൃതദേഹത്തോടൊപ്പം ഹാൻ രാജ ഭരണകാലത്തെ വിലപിടിപ്പുള്ള നിരവധി വസ്‌തുക്കളും ലഭിച്ചിരുന്നു. പക്ഷേ, ഗവേഷകരെ അത്ഭുതപ്പെടുത്തിയത് രാജ്ഞിയുടെ മമ്മിയാണ്. മിനുസമായ ത്വക്ക്, അസ്ഥികൾക്ക് കാര്യമായ കേടുപാടുകൾ ഇല്ല, കൺപീലികളും പുരികങ്ങളും തലമുടിയും അതു പോലെ തന്നെ. രക്തക്കുഴലുകളിൽ രക്തം പോലുമുണ്ടെന്ന് കണ്ടെത്തി.
അടുത്തിടെ മരിച്ച ഒരാളുടേത് പോലെയായിരുന്നു രാജ്ഞിയുടെ മമ്മിയെന്ന് പോസ്‌റ്റ് മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ദർ പറയുന്നത്. ആന്തരികാവയവങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഹൃദയസ്‌തംഭനം മൂലമാണ് രാജ്ഞി മരിച്ചതെന്നും അമിത വണ്ണം ഉണ്ടായിരുന്ന അവർക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ ഉണ്ടായിരുന്നെന്നും കണ്ടെത്തി. രാജ്ഞി അവസാനം കഴിച്ചത് തണ്ണിമത്തനായിരുന്നു എന്ന കണ്ടെത്തലാണ് ശരിക്കും ഞെട്ടിച്ചത്. ദഹിക്കാതെ കിടന്ന 138 തണ്ണിമത്തൻ കുരുക്കളാണ് രാജ്ഞിയുടെ കുടലിലും അന്നനാളത്തിലും കണ്ടെത്തിയത്. തണ്ണിമത്തൻ കുരുക്കൾ ദഹിക്കാൻ ഏകദേശം ഒരു മണിക്കൂർ വേണ്ടി വരും. അതിനാൽ, തണ്ണിമത്തൻ കഴിച്ചുടനാണ് രാജ്ഞി മരിച്ചതെന്ന് നിഗമനത്തിലെത്തി.
കല്ലറയിൽ നിന്നും മാറ്റിയതോടെ അന്തരീക്ഷ ഓക്‌സിജൻ മമ്മിയിൽ പ്രവർത്തിച്ചതോടെ രൂപത്തിൽ വ്യത്യാസം ഉണ്ടായി. കണ്ടെത്തുന്ന സമയത്തെ നിലയിൽ നിന്നും വ്യത്യാസമുണ്ട് ഇന്ന് കാണുന്ന മമ്മിയ്‌ക്ക്. രാജ്ഞിയുടെ മമ്മി ഇങ്ങനെ കേടുപാടില്ലാതെ സൂക്ഷിക്കാൻ ഉപയോഗിച്ച വിദ്യ എന്താണെന്ന് ഇന്നും പിടികിട്ടിയിട്ടില്ല. വായു ഒട്ടും കടക്കാത്തവണ്ണം മഗ്നീഷ്യം അടങ്ങിയ അമ്ല സ്വഭാവമുള്ള ഒരു അജ്ഞാത ദ്രാവകത്തിൽ ആയിരുന്നു മമ്മി സൂക്ഷിച്ചിരുന്നത്. ഈ ദ്രാവകം ഏതാണെന്നോ അതിന്റെ ഉറവിടം കണ്ടെത്താനോ ഇന്നും കഴിഞ്ഞിട്ടില്ല. ചൈനയിലെ ഹുനാൻ പ്രവശ്യയിലെ മ്യൂസിയത്തിൽ ഇന്നും ഈ മമ്മിയിൽ ഗവേഷണങ്ങൾ തുടരുന്നു.