തിരുവനന്തപുരം: ഗതാഗത നിയമന ലംഘനങ്ങൾക്ക് ഉയർന്ന പീഴ ഈടാക്കണോ എന്ന കാര്യത്തിൽ ഇതുവരെ സംസ്ഥാനം തീരുമാനമെടുത്തില്ലെങ്കിലും അതിന്റെ പേരിൽ ചില പൊലീസുകാർ 'പിരിവ്' ചാകരയാക്കി! ഹൈവേ പൊലീസാണത്രേ ഇതിൽ മുമ്പിൽ നിൽക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് ലോറികളുൾപ്പെടെയുള്ള ഭാരവാഹനങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ അനധികൃതമായി പണം പിരിക്കുന്നു എന്നാണ് ആക്ഷേപം.
കൊല്ലം - ചെങ്കോട്ട പാതയിൽ തെൻമല ഭാഗത്ത് പാലം അപകട അവസ്ഥയിലായതിനാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി തെക്കൻ കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങളെല്ലാം തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റ് കടന്നാണ് വരുന്നത്. തമിഴ്നാട്ടിൽ നിന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കുള്ള വാഹനങ്ങളും നാഗർകോവിൽ, തിരുവനന്തപുരം വഴി കിലോമീറ്ററുകൾ താണ്ടണം. പച്ചക്കറികൾ, പലവ്യഞ്ജന സാധനങ്ങൾ, വാഴക്കുല, വൈക്കോൽ, മൺചട്ടികൾ, കയർനിർമ്മാണത്തിനുള്ള അസംസ്കൃത ചകിരി തുടങ്ങിയ സാധനങ്ങൾ കയറ്റിയ ലോറികളാണ് ഇവയിലധികവും. പാലംതകരാർ കാരണം കിലോമീറ്രറുകൾ അധികം ഓടേണ്ട ലോറികളിൽ അധിക വണ്ടിക്കൂലി മുതലാക്കാൻ കണക്കിലധികം സാധനങ്ങൾ കയറ്രാറുണ്ട്. ഇത്തരം ലോറികളാണ് പൊലീസുകാർക്ക് ചാകരയാകുന്നത്. പിഴ വർദ്ധിപ്പിച്ചതോടെ തമിഴ്നാട്ടിലും പൊലീസിന്റെ പരിശോധന വ്യാപകമാണ്. ഉയർന്ന പിഴ ഈടാക്കാതിരിക്കാൻ അവിടെയും പൊലീസുകാർ കൈമടക്ക് നൽകിയേ പറ്റൂ.
അമരവിള ചെക്ക് പോസ്റ്റ് കടന്നെത്തുന്ന വാഹനം തടയുന്ന പൊലീസ് സംഘം ലൈസൻസോ മറ്ര് രേഖകളോ ഒന്നും ആവശ്യപ്പെടാതെ ഓവർലോഡിന് പിഴ അടയ്ക്കാനാണ് ആവശ്യപ്പെടുക. വാഹനങ്ങളുടെ ഭാരം നിശ്ചയിക്കാൻ പൊലീസിന് വേ ബ്രിഡ്ജോ സംവിധാനങ്ങളോ ഒന്നുമില്ലെങ്കിലും 2000 മുതൽ 3000 രൂപവരെയാണ് പിഴയായി ആവശ്യപ്പെടുക. ഉയർന്ന പിഴത്തുകയ്ക്ക് മുന്നിൽ ഡ്രൈവർമാരുടെ നിസഹായത മുതലെടുത്താണ് 'പിരിവ്'. പിഴയുടെ പത്ത് ശതമാനമാണ് കുറഞ്ഞത് കൈമടക്കായി ആവശ്യപ്പെടുന്നതത്രേ. ഇതനുസരിച്ച് 200 മുതൽ അഞ്ഞൂറ് രൂപവരെ വാങ്ങുന്ന പൊലീസുകാരുണ്ട്. ഉയർന്ന പിഴയുടെ സ്ഥാനത്ത് തുച്ഛമായ തുകയ്ക്ക് തടിയൂരിപ്പോകാമെന്നതിനാൽ ആരും പരാതിപ്പെടാൻ മെനക്കെടാറില്ല.
രണ്ടുമൂന്നിടത്ത് നൽകണം
അതിർത്തി ചെക്ക് പോസ്റ്റ് കടന്നാൽ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് രണ്ടോ മൂന്നോ സ്ഥലത്തെങ്കിലും ഹൈവേ -കൺട്രോൾ റൂം പൊലീസ് സംഘങ്ങളുടെ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്നാണ് തമിഴ്നാട്ടിൽ നിന്ന് സ്ഥിരം ലോഡുമായെത്തുന്ന കൊല്ലം സ്വദേശിയുടെ വെളിപ്പെടുത്തൽ. ദേശീയപാതയിലും ബൈപ്പാസിലും 35 കി.മീറ്ററാണ് ഹൈവേ പൊലീസിന്റെ അധികാര അതിർത്തി. ഇതിനിടയിൽ സ്ഥിരമായി വാഹനം പരിശോധിക്കുന്ന ചില പോയിന്റുകളും ഇവർക്കുണ്ട്. ഹൈവേ പൊലീസിന്റെ പണപ്പിരിവ് മുമ്പും വ്യാപക പരാതിക്ക് കാരണമായിരുന്നു. തുടർന്ന് സ്ഥിരം പരിശോധകരെ ഒഴിവാക്കിയിരുന്നു. എന്നാൽ, അടുത്ത കാലത്ത് കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസുകാരെയാണ് ഹൈവേ വാഹനങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.
മിന്നൽ പരിശോധനയില്ല
ട്രാഫിക് അസി. കമ്മിഷണർക്കാണ് വാഹനങ്ങളുടെ നിയന്ത്രണമെങ്കിലും മിന്നൽപരിശോധന ഒന്നും ഏറെ നാളായി നടക്കുന്നില്ല എന്നാണ് ആക്ഷേപം. ഓരോ ദിവസവും നൈറ്റ് ഓഫീസറുടെ ചുമതല വഹിക്കുന്നവർക്കും വേണമെങ്കിൽ ഹൈവേ പൊലീസ് വാഹനത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാം. എന്നാൽ, 35 കി.മീറ്റർ പരിധിയുള്ളതിനാൽ സിറ്റിയിലും റൂറലിലുമായി ഓടിക്കളിക്കുന്ന വാഹനത്തെ കണ്ടെത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ആരും അതിന് മെനക്കെടാറില്ലത്രേ.