കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിെലെ ഇരുപത്തിയെട്ടാം മൈൽ മാർക്കറ്റിന്റെ വികസനത്തിനായി പഞ്ചായത്ത് ലക്ഷങ്ങൾ വകയിരുത്തുന്നുണ്ടെങ്കിലും പ്രാവർത്തികമാക്കാൻ കഴിയാതെ വന്നതോടെ മാർക്കറ്റിന്റെ വികസനം മുരടിച്ചു. മാർക്കറ്റിന്റെ വികസന പ്രവർത്തനങ്ങൾക്കും ഷോപ്പിംഗ് കോംപ്ലക്സിനുമായി 2017 - 18 വർഷത്തിൽ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പഴയ കെട്ടിടം പൊളിക്കാൻ സർക്കാരിൽ നിന്നും അനുമതി കിട്ടാൻ വൈകിയതിനാൽ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. 2018 - 19 ബജറ്റിൽ 5 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പൊളിഞ്ഞുകിടന്ന മതിലും ഗേറ്റും മാത്രമാണ് നിർമ്മിച്ചത്. ഒരു വർഷം ലേലയിനത്തിൽ 20 ലക്ഷം രൂപയാണ് മാർക്കറ്റിൽ നിന്നുള്ള വരുമാനം. എന്നിട്ടും കാര്യക്ഷമമായി മാർക്കറ്റ് നവീകരണംനടപ്പാക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. രാവിലെ 8 മുതൽ 9 വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
ഞായർ, വ്യാഴം ദിവസങ്ങളിൽ ആടുകളുടെ വില്പനയും ഇവിടെ നടക്കുന്നുണ്ട്. പൈവേലിക്കോണം, വെട്ടിയറ, കാഞ്ഞിരം വിള, പറകുന്ന്, നാവായിക്കുളം എന്നിവിടങ്ങളിലെ ജനങ്ങളിൽ കൂടുതലും എത്തുന്നത് ഈ മാർക്കറ്റിലാണ്. എന്നാലിവിടെ മാലിന്യ നിർമാർജനം, ശൗചാലയം, കോൺക്രീറ്റിംഗ്, ബയോഗ്യാസ് എന്നിവയൊക്കെ സ്ഥാപിക്കേണ്ടതായുണ്ട്.ചുറ്റുപാടും പുല്ലു വളർന്ന്‍ കാടുകയറിയ നിലയിലാണ്.മാർക്കറ്റിന്റെ വികസനം അനന്തമായി നീണ്ടുപോകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
ദുരിതമെന്ന് കച്ചവടക്കാർ
മാർക്കറ്റിലെ ഷെഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. മഴയും വെയിലും കൊണ്ടാണ് കച്ചവടക്കാർ കച്ചവടം ചെയ്യുന്നത്. മാർക്കറ്റിന്റെ പ്രവേശനകവാടത്തിലുള്ള ഇരുനില കെട്ടിടം ഏതു നിമിഷവും നിലംപൊത്താം. വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിലെ കോൺക്രീറ്റ് പാളികൾ ഇളകിവീണു തുടങ്ങിയിട്ട് വർഷങ്ങളായി. കെട്ടിടത്തിനു മുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് ശല്യവും വർദ്ധിക്കുന്നു. പഞ്ചായത്തിന് കൃത്യമായി വാടക നൽകി പ്രവർത്തിക്കുന്ന കടയുടമകൾ ഭീതിയിലാണ്.
പ്രതികരണം
പഴയ കെട്ടിടം പൊളിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകി ആറുമാസം കഴിഞ്ഞിട്ടും ജില്ലാ പഞ്ചായത്ത് എ.ഇ അനുമതി അകാരണമായി വൈകിപ്പിക്കുന്നതിനാലാണ് മാർക്കറ്റിന്റെ വികസനം നീണ്ടുപോകുന്നത് . അടിയന്തരമായി മാർക്കറ്റ് കോൺക്രീറ്റ് ചെയ്ത് വെടിപ്പാക്കി മാലിന്യ സംസ്കരണ പ്ലാന്റും, മലിന ജല സംഭരണിയും നിർമ്മിക്കും.
കെ.തമ്പി
നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ചിത്രം: ഇരുപത്തെട്ടാം മൈൽ ചന്തയിലെ പൊളിഞ്ഞു വീഴാറായ കെട്ടിടം