ഊട്ടി നാരായണഗുരുകുലത്തിൽ വച്ച് ഒരു തമിഴ് സാഹിത്യ സെമിനാർ നടന്നു. അപ്പോൾ പ്രസിദ്ധനായ ഒരു സാഹിത്യകാരനുമായി പരിചയമായി. അദ്ദേഹം ഇടയ്ക്കിടയ്ക്കു വിദേശത്തു പോകാറുണ്ട്. വികസിത രാജ്യങ്ങളിൽ ചിലതിന്റെ ക്ഷണമനുസരിച്ച്. യാത്രോദ്ദേശ്യവും പറഞ്ഞു: സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കഥ കേൾക്കാനുള്ള അഭിരുചിയുണ്ടാക്കി കൊടുക്കുക.
''കുട്ടികൾ സ്വാഭാവികമായും കഥ കേൾക്കാൻ കൊതിയുള്ളവരാണല്ലോ? ഒരു കാലത്ത് നമ്മുടെ നാട്ടിലെ കുട്ടികൾ അമ്മൂമ്മക്കഥകൾ കേട്ടു വളരുന്നവരായിരുന്നല്ലോ?"
''അതൊക്കെ പണ്ടത്തെ കഥ. നമ്മുടെ നാട്ടിലും കൊച്ചുമക്കൾക്ക് കഥ പറഞ്ഞു കൊടുക്കാൻ കഴിവുള്ള അമ്മൂമ്മമാരില്ല. പണ്ടുണ്ടായിരുന്ന അമ്മൂമ്മമാർക്ക് അക്ഷരാഭ്യാസമില്ലായിരുന്നു. എന്നാൽ അവർക്ക് ധാരാളം കഥകൾ പറഞ്ഞു കൊടുക്കാൻ കഴിയുമായിരുന്നു. ഇന്നത്തെ അമ്മൂമ്മമാർ വിദ്യാഭ്യാസമുള്ളവരാണ്. പക്ഷെ കഥ പറയാൻ മാത്രം അറിയില്ല."
''വികസിതരാജ്യങ്ങളിലും ഇതു തന്നെയാണോ സ്ഥിതി?"
''ഇവിടത്തെ കുട്ടികളിൽ ചിലർക്കെങ്കിലും ബാലസാഹിത്യ കൃതികളിലെ കഥകൾ വായിക്കാനെങ്കിലുമുള്ള അവസരമുണ്ട്. വികസിത രാജ്യങ്ങളിലെ സ്ഥിതി അതല്ല. സയൻസ്, ടെക്നോളജി, ബിസിനസ് എന്നീ രംഗങ്ങളിലേക്കു കുട്ടികളുടെ ശ്രദ്ധ വളരെ ചെറുതിലേതന്നെ തിരിക്കുന്നതു കാരണം കഥകൾ കേൾക്കാനുള്ള അവസരം അവിടെ കുട്ടികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എട്ടിലും ഒൻപതിലും ഒക്കെ പഠിക്കുന്ന കുട്ടികൾ കഥയെന്നാൽ എന്താണെന്നു പോലും അറിയാത്തവരായിപ്പോയിരിക്കുന്നു. ഇക്കാരണത്താൽ ജീവിതത്തെപ്പറ്റി ഒന്നുമറിയാതെ മനുഷ്യക്കോലമെടുത്ത യന്ത്രങ്ങൾപോലെ, തിന്നുകയും കുടിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾപോലെ, കുഞ്ഞുങ്ങൾ വളരുന്നു."
''ഈ പോരായ്മ മനസിലാക്കിയ സർക്കാർ അധികൃതർ കഥകളുമായി പരിചയമുള്ള സംസ്കാരം കുട്ടികളിലുണ്ടാക്കാൻ വേണ്ടി ഇപ്പോൾ വളരെയധികം പണം ചെലവഴിക്കുന്നു. അതിന്റെ ഭാഗമായാണ് എനിക്കും അവിടെയൊക്കെ പോകേണ്ടി വരുന്നത്."
''നമ്മുടെ നാടും ഡിജിറ്റലൈസേഷൻ, ആധുനികവത്കരണം എന്നിങ്ങനെയുള്ള ഓമനപ്പേരുകളിൽ വിളിച്ചുപോരുന്ന പരിഷ്കാരങ്ങളുടെ പേരിൽ 'കഥ"യില്ലാത്ത ഒരു സംസ്കാരത്തിലേക്കല്ലേ നീങ്ങിക്കൊണ്ടിരിക്കുന്നത്?"
''തീർച്ചയായും. യന്ത്രങ്ങളും പണവും ചേർന്ന് മനുഷ്യന്റെ സംസ്കൃത ചിത്തതയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യജീവിതം കഥയില്ലാത്തതായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ വിചക്ഷണരിൽ എത്രപേർ ഇതു ശ്രദ്ധിക്കുന്നുണ്ട്."