adarsh

കല്ലറ: ഭരതന്നൂർ രാമരശ്ശേരി വിജയ വിലസത്തിൽ ആദർശ് വിജയന്റെ (14) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കല്ലറ തുറന്നു പരിശോധനയ്ക്കൊരുങ്ങി ക്രൈംബ്രാഞ്ച്. കുട്ടിയുടെ ശരീരാവശിഷ്ടം റീ പോസ്റ്റുമോർട്ടത്തിനും ഡി.എൻ.എ പരിശോധനയിലൂടെ ചില തെളിവുകൾ ശേഖരിക്കാനും വേണ്ടിയാണിത്. 2009 ഏപ്രിൽ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും മാറിയിട്ടില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പിന്നിൽ ആരെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല .സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യംചെയ്തിട്ടുണ്ട്. ചിലർ നിരീക്ഷണത്തിലുമാണ്. മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന കൂടി പൂർത്തിയാക്കുന്നതോടെ സംഭവങ്ങളുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. കല്ലറ തുറന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘവും പാങ്ങോട് പൊലീസും കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിൽ എത്തി രക്ഷാകർത്താക്കളെയും ബന്ധുക്കളെയും കണ്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പരിശോധന നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സംഭവം ഇങ്ങനെ

വൈകിട്ട് നാല് മണിയോടെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയ ബാലൻ പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വീട്ടിനടുത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലോക്കൽ പൊലീസ് മുങ്ങിമരണമെന്ന് വിധിയെഴുതി. എന്നാൽ കുട്ടിയുടെ തലയിൽ ഏറ്റ ശക്തമായ അടിയാകാം മരണകാരണം എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലപാതകി ഉപയോഗിച്ചതായി കരുതുന്ന മൺ വെട്ടികൈയും വയലിന് നടക്കുള്ള ചെറിയ കുളത്തിൽ നിന്ന് കണ്ടെത്തി. നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാൽ, പ്രതി ആരെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. സംഭവ ദിവസം വൈകിട്ട് സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നു. എന്നാൽ കുളക്കരയിൽ കണ്ടെത്തിയ കുട്ടിയുടെ പാന്റും ചെരുപ്പും നനഞ്ഞിരുന്നില്ല. കുട്ടിയുടെ പാന്റിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം മൃതദേഹം കുളത്തിൽ കൊണ്ടിട്ടതാകാം എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.