സ്കോളർഷിപ്പ് തുക തീരെ തുച്ഛമാണെങ്കിലും അതിനുള്ള മാനദണ്ഡങ്ങൾ നിർണയിച്ചപ്പോൾ പിന്നാക്ക വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷവും ഒഴിവാക്കപ്പെടുന്ന അവസ്ഥ വന്നുചേർന്നത് ഈ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളോടും അവരുടെ കുടുംബങ്ങളോടും കാണിക്കുന്ന നഗ്നമായ വിവേചനം തന്നെയാണ്. വിഷയം ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പാണ്. ഒരു വർഷം ആയിരംരൂപ മാത്രമാണ് സ്കോളർഷിപ്പ്.
പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് ഇതിനുള്ള മാനദണ്ഡം ഒരേപോലെയാണെങ്കിൽ പരാതി വരില്ലായിരുന്നു. എന്നാൽ ഇവിടെ അങ്ങനെയല്ല സ്ഥിതി. ക്രിസ്ത്യൻ, മുസ്ളിം വിഭാഗക്കാരായ കുട്ടികൾക്ക് അർഹതയുള്ളപ്പോൾ പിന്നാക്ക വിഭാഗത്തിലുൾപ്പെട്ട ഈഴവ, വിശ്വകർമ്മ, നാടാർ വിഭാഗത്തിൽപ്പെട്ടവർക്ക് അതു നൽകാതിരിക്കാനുള്ള വഴിയാണ് സർക്കാർ നോക്കുന്നത്. സ്കോളർഷിപ്പ് അപേക്ഷ നൽകണമെങ്കിൽത്തന്നെ കുട്ടിക്ക് എൺപതു ശതമാനം മാർക്ക് നിർബന്ധമാണ്. വരുമാനപരിധി രണ്ടരലക്ഷം രൂപയും. ക്രിസ്ത്യൻ, മുസ്ളിം വിഭാഗക്കാർക്കാണെങ്കിൽ അറുപതു ശതമാനം മാർക്ക് മതി. വരുമാന പരിധി ആറുലക്ഷംരൂപ വരെയാകാം. പിന്നാക്ക വിഭാഗക്കാരിൽത്തന്നെ ഇത്തരത്തിലൊരു വേർതിരിവു നിശ്ചയിച്ചതിലെ യുക്തി മനസിലാക്കാനാവില്ല. ഒന്നു മുതൽ പത്തുവരെയുള്ള ക്ളാസുകളിലെ ക്രിസ്ത്യൻ, മുസ്ളിം കുട്ടികൾക്കു നൽകി വരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് ഈ വർഷം ആദ്യമായിട്ടാണ് ഈഴവ, വിശ്വകർമ്മ, നാടാർ സമുദായത്തിൽപ്പെട്ട കുട്ടികൾക്കും ബാധകമാക്കിയത്. ആനുകൂല്യം നൽകാൻ തീരുമാനമെടുത്തവർ മനഃപൂർവമെന്നു തോന്നുംവിധം വലിയൊരു വിഭാഗത്തെ പരിധിക്കു പുറത്താക്കാൻ കൂടി അജണ്ട നിശ്ചയിച്ചതിലാണ് ചതി ഒളിഞ്ഞിരിക്കുന്നത്. ആരൊക്കെയാണ് ഈ കളിക്കു പിന്നിലുള്ളതെന്ന് അറിവായിട്ടില്ല.
ബന്ധപ്പെട്ട വകുപ്പുമന്ത്രി കൂടി അറിഞ്ഞാണോ കളിയെന്നും വ്യക്തമല്ല. ഏതായാലും പിന്നാക്ക വിഭാഗക്കാരെ വിളിച്ചിരുത്തിയശേഷം അപമാനിച്ച് ഇറക്കിവിടുന്നതുപോലുള്ള നിന്ദ്യമായ നടപടിയായിപ്പോയെന്ന് പറയാതിരിക്കാനാവില്ല. പിന്നാക്കക്കാർ എന്നു പറയുമ്പോൾത്തന്നെ നൂറുനാവുള്ള ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാർ വേണം ഈ പ്രശ്നം ഏറ്റെടുത്ത് പിന്നാക്കവിഭാഗം കുട്ടികൾക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കാൻ. സർക്കാർ - എയ്ഡഡ് സ്കൂളിലെ പിന്നാക്ക വിഭാഗം കുട്ടികളെ മാത്രമേ സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം ക്രിസ്ത്യൻ, മുസ്ളിം കുട്ടികൾ ഏതു സ്കൂളിൽ പഠിച്ചാലും ആനുകൂല്യം ലഭിക്കും. ഇവിടെയും പിന്നാക്കക്കാർക്കിടയിൽ വിവേചനം നിലനിറുത്താനുള്ള ശ്രമമാണു നടക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിട്ടെടുത്താണ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ വിവേചനരഹിതമായി സ്കോളർഷിപ്പ് തുല്യമായി പങ്കിടാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. മാനദണ്ഡങ്ങളിലെ വിവേചനം കാരണം സംസ്ഥാനത്തെ ആയിരത്തിനാനൂറോളം അൺ എയ്ഡഡ് സ്കൂളുകളിലെ പിന്നാക്കവിഭാഗം കുട്ടികൾക്കാണ് സ്കോളർഷിപ്പ് നഷ്ടമാകുന്നത്. ഈ അനീതി തിരുത്താൻ സർക്കാർ ഉടനടി ഇടപെടുക തന്നെ വേണം.
ഏതുതരം സ്കോളർഷിപ്പും കുട്ടികളിൽ പഠനമികവ് വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആ നിലയ്ക്ക് ജാതി - മതാടിസ്ഥാനത്തിൽ വേർതിരിവു സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ല. പിന്നാക്ക വിഭാഗക്കാരെ ഉദ്ദേശിച്ചുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് സർക്കാർ - എയ്ഡഡ് സ്കൂളുകൾക്കൊപ്പം അൺ എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കിയപ്പോൾ യഥാർത്ഥത്തിൽ ആനുകൂല്യം ആവശ്യമായ ഈഴവ, വിശ്വകർമ്മ, നാടാർ വിഭാഗക്കാരെ മാറ്റിനിറുത്തുന്നത് സാമൂഹ്യനീതിക്കു ചേർന്ന നടപടിയല്ല. ഇത്തരം വിവേചനത്തിനെതിരെ ശബ്ദമുയർത്താൻ അധികം പേർ മുൻപോട്ടുവരാറില്ലെന്നത് സൗകര്യമായി കരുതുന്നവരാണ് ഉദ്യോഗസ്ഥ പ്രമാണിമാർ. സ്കോളർഷിപ്പ് പോലുള്ള പദ്ധതികൾക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് അവരാണല്ലോ. സ്കോളർഷിപ്പിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾ വിവേചനം നേരിടുന്നവരാണ്. അവിടെ പഠിക്കുന്നവർ സമ്പന്ന വിഭാഗത്തിൽപ്പെട്ടവരാണെന്ന മിഥ്യാധാരണയാണ് ഇതിനു കാരണം.
സംവരണം ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ആനുകൂല്യങ്ങളിൽ പലതും അവയ്ക്ക് അർഹമായവർക്ക് ഏതൊക്കെ രീതിയിൽ നിഷേധിക്കാമെന്നു മഷിയിട്ടു നോക്കുന്നവർ ഭരണത്തിന്റെ ഉന്നതതലങ്ങളിൽ ഇന്നുമുണ്ട്. പിന്നാക്ക വിഭാഗമെന്നു കേൾക്കുന്നതേ അവർക്ക് അലർജിയാണ്. പിന്നാക്ക വിഭാഗക്കാരുടെ സംഘടനകൾ ഒന്നിച്ചുനിന്ന് ശബ്ദമുയർത്തിയാലേ ഇത്തരം അനീതികൾ തിരുത്തപ്പെടുകയുള്ളൂ. ഉറക്കം നടിച്ചിരുന്നാൽ സ്കോളർഷിപ്പ് അടക്കമുള്ള എല്ലാ കാര്യങ്ങളിലും വിവേചനം വന്നുകൊണ്ടേയിരിക്കും.