108

കല്ലറ: സമഗ്ര ട്രോമാകെയർ പദ്ധതിയുടെ ഭാഗമായി വാമനപുരം നിയോജക മണ്ഡലത്തിൽ മൂന്നിടത്ത് സൗജന്യ ആംബുലൻസ് ശൃംഖലയായ കനിവ് 108 ആംബുലൻസ് അനുവദിച്ചത് നാട്ടുകാർക്കും യാത്രക്കാർക്കും ഗുണകരമാകുന്നു. അപകടങ്ങൾ പതിവായ എം.സി റോഡ് ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിലെ വാമനപുരം കുടുംബാരോഗ്യ കേന്ദ്രം, കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രം, പാലോട് കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് കനിവ് 108 ആംബുലൻസുകളുടെ സേവനം അനുവദിച്ചിട്ടുള്ളത്. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സമഗ്ര ട്രോമാകെയർ സംവിധാനത്തിന്റെ ഭാഗമാണ് കനിവ് ആംബുലൻസുകൾ. അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങൾക്കൊപ്പം പ്രത്യേക പരിശീലനം നേടിയ പൈലറ്റ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എന്നിവരും ആംബുലൻസിലുണ്ടാകും. കോൾ സെന്റർ വഴി ആംബുലൻസ് ബുക്ക് ചെയ്യുന്ന ആളുടെ തൊട്ടടുത്തുള്ള ആംബുലൻസാണ് സേവനത്തിനെത്തുക. തുടർന്ന് അപകടത്തിൽപെട്ടയാളെ അടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കും. അവിടെയുള്ള ഡോക്ടർ വിദഗ്ദ്ധ ചികിത്സ നിർദ്ദേശിച്ചാൽ സൗജന്യ നിരക്കിൽ അവിടേക്ക് കൊണ്ടുപോകും. ഈ പ്രദേശങ്ങളിൽ അപകടങ്ങളിൽപ്പെടുന്നവരെ യഥാസമയം ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കാൻ കഴിയാതെ വരുന്നത് പലരുടെയും ജീവൻ പൊലിയാൻ കാരണമായിട്ടുണ്ട്. മണ്ഡലത്തിൽ മൂന്ന് ആംബുലൻസുകൾ പ്രവർത്തനം ആരംഭിച്ചതോടെ അപകടമരണങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.

വാമനപുരം

എം.സി റോഡിന് സമീപമാണ് വാമനപുരം കുടുംബാരോഗ്യ കേന്ദ്രമുള്ളത്. ഇവിടെ ലഭ്യമാക്കിയിട്ടുള്ള ആംബുലൻസ് എം.സി റോഡിൽ അപകടങ്ങളിൽപെടുന്നവരെ പെട്ടെന്ന് ആശുപത്രികളിൽ എത്തിക്കാൻ സഹായിക്കും.

കല്ലറ

വനമേഖലയാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് കല്ലറ. വന്യജീവികളുടെ ആക്രമണവും റോഡപകടങ്ങളും ഇവിടെ പതിവാണ്. അപകടമുണ്ടായാൽ കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഇനി ഇവിടങ്ങളിലേക്ക് പാഞ്ഞെത്തും.

പാലോട്

തിരുവനന്തപുരം - ചെങ്കോട്ട അന്തർസംസ്ഥാന പാതയോട് ചേർന്നാണ് പാലോട് സാമൂഹികാരോഗ്യ കേന്ദ്രമുള്ളത്. ഇവിടെയും അപകടങ്ങളിൽ ജീവൻ പൊലീയുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇവിടത്തെ ആംബുലൻസ് ജനങ്ങൾക്ക് സഹായകകരമാകും.