തിരുവനന്തപുരം: വഴുതക്കാട് കലാഭവൻ തിയേറ്ററിന് സമീപത്തെ ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്സിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിനു കാരണം എ.സിയിലുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലുള്ള ഡിയാൻബി ഷൂ വേൾഡിലാണ് തീ പടർന്നത്. ലേഡീസ് സെക്ഷനിലെ എ.സിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാരൻ മറ്റുള്ളവരെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ശനിയാഴ്ച പുലർച്ചെ മൂന്നോടെ തീ കെടുത്താനായത്. ജില്ലയിലെ അഞ്ച് ഫയർസ്റ്റേഷനുകളിൽ നിന്നുള്ള 12 വാഹനങ്ങളും 65 ജീവനക്കാരും തീയണയ്ക്കലിന് നേതൃത്വം നൽകി.
തീപിടിത്തത്തിൽ 32കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഉടമസ്ഥർ പൊലീസിൽ മൊഴി നൽകി. കെട്ടിടത്തിന് 20കോടി രൂപയുടെയും സാധനങ്ങൾക്ക് 12കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണ് മൊഴി. എന്നാൽ കൃത്യമായ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് പൊലീസും ഫയർഫോഴ്സും അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തിയെങ്കിലും കെട്ടിടത്തിനകത്തെ ചൂടും മറ്റ് സാഹചര്യങ്ങളും കാരണം സാമ്പിളുകൾ ശേഖരിക്കാനായില്ല.ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് അധികൃതരും ഫൊറൻസിക് ഉദ്യോഗസ്ഥരും കൂടുതൽ പരിശോധനയ്ക്കായി ഇന്നും സംഭവ സ്ഥലത്തെത്തും.കെട്ടിടത്തിൽ ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഇവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനായില്ലെന്നും ഫയർഫോഴ്സ് പറഞ്ഞു.ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് ലഭിച്ചാലേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂവെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.