ddd

നെയ്യാറ്റിൻകര : ഉടമസ്ഥൻ കൈവിട്ടപ്പോൾ അനാഥയായ 'സൂസി" നേരെ പോയത് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക്. 'പാവം" തോന്നിയ പൊലീസുകാർ അവൾക്ക് അഭയമേകി. 'പൊലീസ് മട്ടിൽ' കള്ളൻമാരെ കൈകാര്യം ചെയ്ത് പ്രശസ്തയായതോടെ 'സൂസിയെ" കാണാൻ സന്ദർശകരുടെ തിരക്കാണ്.

6 മാസം മുമ്പാണ് 'സൂസി" എന്ന നായ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനു മുന്നിലെത്തിയത്. പിന്നീട് ഇവിടെ നിന്നു പോകാതായി. ഇപ്പോൾ വയസ് 6. പൊലീസുകാരുടെയെല്ലാം ഇഷ്ടതോഴി. നല്ല ബ്രൗൺ നിറം. ആരെയും പേടിപ്പിക്കുന്ന നോട്ടവും ആകാരസൗഷ്ടവം. ഒറ്റ നോട്ടത്തിൽ പൊലീസ് നായയെന്ന് തോന്നിക്കുമെങ്കിലും 'സൂസി" ഡോബർമാൻ ക്രോസ് ഇനമാണ്.

ഉച്ചയ്ക്ക് പൊലീസുകാരും മറ്റും നൽകുന്ന ഭക്ഷണം കഴിച്ച് തൃപ്തിയായി സ്റ്റേഷന്റെ മുന്നിൽ നിൽക്കും. നേരിയ ഉറക്കം. രാത്രിയായാൽ തനി കാവൽനായ. ശൗര്യവുമായി സൂസിയുള്ളപ്പോൾ രാത്രി പാറാവുകാർക്കും മനസമാധാനം.

പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് ശല്യമില്ല. കുരയ്ക്കുകയോ പേടിപ്പെടുത്തുകയോ ചെയ്യില്ല. കണ്ടാൽ പേടി തോന്നുമെങ്കിലും സൗമ്യ സ്വഭാവക്കാരിയാണ്. ഒരു ദൗർബല്യമേയുള്ളൂ. കൈലിമുണ്ട് ഉടുത്ത് വന്നാൽ സൂസി തടയും. സ്റ്റേഷനുള്ളിൽ നിന്നും പൊലീസുകാർ വന്നാലേ കൈലിമുണ്ടുകാരനെ രക്ഷിക്കാനാവൂ.

വളരെ കൃത്യതയോടെ ട്രെയിനിംഗ് ലഭിച്ച നായയുടെ മട്ടും ഭാവവുമാണ് സൂസിക്ക്.

രാത്രിയായാൽ സൂസിയുടെ മട്ടുമാറുമെന്ന് പൊലീസുകാ‌ർ പറയുന്നു. അടുത്തിടെ ഒരു മോഷ്ടാവ് ഇവിടെയെത്തി. പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലുകളായ ബൈക്കുകളുടെ സ്പെയർ പാർട്സുകൾ സ്ഥിരമായി മോഷ്ടിക്കുന്നയാളാണ് കക്ഷി. പക്ഷേ, സൂസി കുടിയേറിപ്പാർത്തതറിഞ്ഞില്ല. ബൈക്കുകൾക്കിടലിലേക്ക് കയറിയ മോഷ്ടാവ് തൊട്ടുടുത്ത് സൂസിയുടെ ശൗര്യമറിഞ്ഞു. കള്ളൻ ഓടിയിടത്ത് ഇതുവരെ പുല്ലുമുളച്ചിട്ടില്ല.

അങ്ങിനെയിരിക്കെ ഒരുനാൾ പഴയ യജമാനൻ സൂസിയെ കൂട്ടിക്കൊണ്ടു പോകാൻ കാറുമായെത്തി. സൂസി അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല. കൂടെ പോകാനും കൂട്ടാക്കിയില്ലെന്ന് തട്ടുകടക്കാരൻ പറയുന്നു.