thakarnna-chathanpara-c-h

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട ചാത്തൻപാറ സി.എച്ച്.സി റോഡ്‌ തകർന്നു. റോഡിന്റെയും സമീപത്തെ കോട്ടറക്കോണം പാലത്തിന്റെയും ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം ശക്തം. റോഡിന്റെ ഭൂരിഭാഗവും ടാറിളകി മെറ്റലും ചെളിയുമായി കാൽനട പോലും അസാധ്യമായ നിലയിലാണ്.

റോഡുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നിർമിച്ച പാലവും ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.

സ്കൂൾ ബസുകൾ പലതും ഇതുവഴി വരുന്നതിന് വിസമ്മതം അറിയിച്ചതായും നാട്ടുകാർ പറയുന്നു.

ആറ്റിങ്ങൽ - കൊല്ലം റൂട്ടിലോടുന്ന ഏക സ്വകാര്യ ബസ് ഇതുമൂലം ഇതുവഴിയുള്ള സർവീസ് നിറുത്തിവച്ചതായും പരാതി ഉണ്ട്. 2019-20 വർഷത്തെ മെയിന്റൻസ് ഫണ്ടിൽ നിന്നും ഏഴുലക്ഷം രൂപ റോഡ്‌ നവീകരിക്കാൻ പഞ്ചായത്ത് വകയിരുത്തി പ്രൊജക്ട് തയാറാക്കിയിരുന്നു. എന്നാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഈ റോഡുൾപ്പെടെ വിവിധ റോഡുകൾക്ക് അനുവദിച്ച സാഹചര്യത്തിൽ പഞ്ചായത്ത് വകയിരുത്തിയ ഫണ്ട് മറ്റൊരു വാർഡിലെ മോശം റോഡിനുവേണ്ടി വകമാറ്റിയതായി നാട്ടുകാർ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും ഇടതുപക്ഷവും റോഡ്‌ നവീകരിക്കുന്നതിന് പകരം ഫണ്ടുകൾ വകമാറ്റി നാട്ടുകാരെ കബളിപ്പിക്കാൻ ശ്രമിക്കുന്നതായി ബി.ജെ.പി ആരോപിച്ചു. റോഡിലെ യാത്രാദുരിതം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കാത്ത നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് ബി.ജെ.പി മണമ്പൂർ പഞ്ചായത്ത് കമ്മിറ്റി രൂപം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

ബി.ജെ.പി മണമ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എൻ.എസ്. രവി, പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രദീപ് കുമാർ, ഗോപാലകൃഷ്ണൻ, ഗോവിന്ദപിള്ള എന്നിവർ സംസാരിച്ചു. റോഡ്‌ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതികളുടെ രണ്ടു സമരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.

ചിത്രം: തകർന്ന ചാത്തൻപാറ സി.എച്ച്.സി റോഡ്‌