1

കഴക്കൂട്ടം: മംഗലപുരത്ത് ആൾതാമസമില്ലാത്ത രണ്ടു വീടുകളിൽ നടന്ന മോഷണത്തിൽ സ്വർണവും പണവും ടിവിയും മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവർന്നു. വീടുകളുടെ മുൻ വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം. കുടവൂർ അസംബ്ലി മുക്ക് സോപാനത്തിൽ ശ്രീറാമിന്റെ വീട്ടിലും മങ്കാട്ടുമൂല അനന്തരത്തിൽ പ്രസീദയുടെ വീട്ടിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കും മൂന്നുമണിക്കുമിടയിൽ കാറിലെത്തിയ സംഘം മതിൽ ചാടിക്കടന്ന് മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വീടു മുഴുവൻ പരിശോധിച്ച് അലമാരയിലും മേശയിലും വച്ചിരുന്ന സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വെള്ളിയാഴ്ച രാത്രി 8.30 ശേഷം ശ്രീറാം കുടുംബസമേതം മൂന്നാറിൽ ടൂറിനു പോയിരുന്നു. ഇവിടെ നിന്നും 20 ഓളം പവൻ വരുന്ന സ്വർണവും വിദേശ കറൻസികളടക്കം 70,000 രൂപയും ഒരു ലാപ് ടോപ്പും രണ്ടു മൊബൈൽ ഫോണുകളും കവർന്നിട്ടുണ്ട്. പ്രസീദ കുടുംബ സമേതം വിദേശത്താണ്. ഇവരുടെ പുതിയ വീട്ടിൽ നിന്ന് വലിയ ടിവിയും എമർജൻസി ലൈറ്റും ടോർച്ചുമാണ് നഷ്ടപ്പെട്ടത്. സംഭവമറിഞ്ഞ് മംഗലപുരം പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമാന രീതിയിലുള്ള മോഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കഠിനംകുളത്തും ചിറയിൻകീഴും നഗരൂരും നടന്നത്. തുടർച്ചയായ മോഷണങ്ങളെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഷാഡോ പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.