police

വർക്കല :18 വയസുള്ള യുവാവിനെ കാണാതായതായി മാതാവ് വർക്കല പൊലീസിൽ പരാതി നൽകി. വടശ്ശേരിക്കോണം അംബേദ്കർ കോളനിക്കു സമീപം കുന്നിൽ വീട്ടിൽ സുലേഖയാണ് മകൻ ശ്യാം ജ്യോതിയെ (18) സെപ്തബർ രണ്ടു മുതൽ കാണാനില്ലെന്ന് കാണിച്ചു വർക്കല പൊലീസിൽ പരാതി നൽകിയത്. 170 സെ. മീറ്റർ ഉയരവും, മെലിഞ്ഞ ശരീരവും വെളുത്ത നിറവുമാണ്. മുടി നീട്ടി വളർത്തിയുട്ടുണ്ട്. കാണാതാകുമ്പോൾ നീല നിറത്തിലുള്ള ജീൻസും നീല ഫുൾ കൈ ഷർട്ടുമാണ് ധരിച്ചിരുന്നത്. കൈയിൽ ഒരു ബാഗുമുണ്ടായിരുന്നു. വർക്കല തിരുവമ്പാടിയിലെ വുഡ് ഹൗസ് റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ടാം തീയതി രാവിലെ എട്ടു മണിക്ക് റിസോർട്ടിൽ ജോലിക്കു പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയതാണ്. സാധാരണ വൈകിട്ട് ആറരയോടെ വീട്ടിൽ തിരിച്ചെത്തുന്ന ശ്യാം ജ്യോതിയെ രാത്രിയായിട്ടും കാണാത്തതുകൊണ്ട് മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. ഉടനെ റിസോർട്ടിൽ അന്വേഷിച്ചപ്പോൾ ശ്യാം ജ്യോതി അന്ന് റിസോർട്ടിൽ ജോലിക്കു ചെന്നില്ലെന്നറിഞ്ഞു. ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. വർക്കല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ശ്യാം ജ്യോതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വർക്കല പൊലീസ് സ്റ്റേഷനിലോ (0470 2602333), 9846138346, 7034055479 നമ്പരുകളിലോ അറിയിക്കണം.