തിരുവനന്തപുരം: കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് ഇടപാടിൽ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാത്ത സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യുന്നതിനുള്ള അനുമതിക്കായി ഗവർണറെ കണ്ട് കത്ത് നൽകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ട്രാൻസ്ഗ്രിഡ് ഇടപാടു സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഒളിച്ചോടുന്നതിനാലാണ് നിയമപരമായി നീങ്ങുന്നത്. സത്യം വെളിച്ചത്തു കൊണ്ടുവരുന്നതുവരെ യു.ഡി.എഫ് പോരാട്ടം തുടരും. കോട്ടയം കോലത്തുനാട് പദ്ധതികളുടെ മറവിൽ 800 കോടി രൂപയുടെ പകൽക്കൊള്ളയാണ് നടന്നത്. സി.എ.ജി ഓഡിറ്റ് പോലും ഒഴിവാക്കി കിഫ്ബി വഴിയാണ് പദ്ധതി നടത്തിപ്പ്.
മന്ത്രി എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായുള്ള സഹകരണബാങ്കിന് കെ.എസ്.ഇ.ബിയുടെ 21 ഏക്കർ പതിച്ചുനൽകിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണം.
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സംസ്ഥാനത്ത് 70 ബാറുകൾ അനുവദിച്ചതിനു പിന്നിൽ കോടികളുടെ കോഴയാണ് കൈമറിഞ്ഞത്. ഇതിന് പിന്നിലെ അഴിമതിയെപ്പറ്റി അന്വേഷിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബാറുടമകളുമായി ഉണ്ടാക്കിയ അവിശുദ്ധ കരാർ അനുസരിച്ചാണിത്.
അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച മന്ത്രി ജി.സുധാകരൻ പ്രയോഗം പിൻവലിച്ച് മാപ്പുപറയണം. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.