knife

കല്ലമ്പലം: വഴിതർക്കത്തെ തുടർന്ന് പള്ളിക്കലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്ര് വൈകും. കേസിലെ പ്രതികളായ നൈസാമും ബന്ധുവായ ഷാഹിറും വയറ്റിൽ കുത്തേറ്റതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലായതിനാലാണ് അറസ്റ്റ് വൈകുന്നത്. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ആന്തരിക രക്തസ്രാവമുണ്ടായ ഇരുവരും ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലാണ്. സംഭവത്തിൽ കൊല്ലപ്പെട്ട പള്ളിക്കൽ താഴേമൂതല കക്കാട് കാവുവിള കുന്നുംപുറത്തു വീട്ടിൽ അബ്ദുൾ റഹീമിന്റെ മകൻ പള്ളിക്കൽ ആലീസ് മൻസിലിൽ നജീമിന്റെ (38) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ മൂതല വടക്കേപള്ളി ജുമാം മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ പള്ളിക്കൽ എസ്.ഐ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 24 മണിക്കൂറും ജാഗരൂകരാണ്. സംഭവത്തിൽ നജീമിന്റെ പിതാവ് അബ്ദുൾ റഹീം (65), ബന്ധുവായ ഷാഹുൽ ഹമീദ് (58) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവരെ വാർഡിലേക്ക് മാറ്റി. കൊല്ലപ്പെട്ട നജീമിന്റെ കുടുംബവും ഷാഹുൽഹമീദുമായുള്ള വഴിത്തർക്കമാണ് കൊലപാതകത്തിന് കാരണമായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇരു കൂട്ടരും തമ്മിൽ അതിർത്തി

കെട്ടിത്തിരിക്കുന്നതിന്റെ ഭാഗമായുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിൽ പള്ളിക്കൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.