നെയ്യാറ്റിൻകര :പൂങ്കോട് ഗവ. എസ്.വി.എൽ.പി.എസിൽ 'കുരുന്നു വായനയ്ക്കൊരു കൈത്താങ്ങ്' പദ്ധതിയ്ക്കായി 250 ബാലസാഹിത്യ കൃതികൾ കൈമാറി. കാഞ്ഞിരംകുളം കെ.എൻ.എം ഗവ. കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി പുസ്തകങ്ങൾ കൈമാറി. പൊതുയോഗം പ്രിൻസിപ്പൽ ഡോ.എസ്.എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. സുമി അദ്ധ്യക്ഷയായി. വിദ്യാഭ്യസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. അംബികാദേവി, പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡന്റ് എ.എസ്. മൻസൂർ, മലയാളം വകുപ്പു മേധാവി ഡോ. സാബു കോട്ടുക്കൽ, ഡോ. ആർ. ജയകുമാർ, ഡോ. യു.ജി. അരുണ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് കുമാരി ഷീല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മിനിമോൾ നന്ദിയും പറഞ്ഞു. എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2017 ലാണ് പദ്ധതി തുടങ്ങിയത്. നേരത്തെ അതിയന്നൂർ ഗവ.യു.പി.എസ്, കരിച്ചൽ എൽ.എം.എസ് എൽ.പി.എസ്, കാഞ്ഞിരംകുളം ഗവ. ഹൈസ്കൂൾ, അവണാകുഴി ഗവ. എൽ.പി.എസ് എന്നിവിടങ്ങളിലും പുസ്തകങ്ങൾ കൈമാറിയിരുന്നു.