വക്കം : പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യാൻ രംഗത്തെത്തിയ വക്കം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ പദ്ധതികൾ വിജയകരമായി മുന്നോട്ട്. പ്ലാസ്റ്റിക് നിർമാർജനത്തിന് മൂന്ന് മാസം മുമ്പാരംഭിച്ച സേനയുടെ പ്രവർത്തനം മികച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വീടുകളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിശീലനം ലഭിച്ച ഹരിതകർമ്മ സേനയുടെ വോളന്റിയർമാർ വീട്ടിലെത്തി ശേഖരിക്കുന്നതാണ് പതിവ്. ഒാരോ വീട്ടുകാരും ഇതിനായി നിശ്ചിത ഫീസും നൽകണം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചെറിയുന്നത് കൊണ്ടുള്ള ഭവിഷ്യത്തും, അത് ഭൂമിക്കും മനുഷ്യർക്കും ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചുള്ള ബോധവത്കരണവും ഇവർ നടത്തും. ഒാരോ വാർഡുകളിലെയും വീടുകളിൽ ആഴ്ചയിൽ ഒരു തവണ എന്ന കണക്കിൽ സേനാംഗങ്ങൾ എത്തും. ഇത്തരത്തിൽ ഒാരോ വാർഡിൽ നിന്നും 600 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണിപ്പോൾ ശേഖരിക്കുന്നത്. ഇത്തരത്തിൽ 14 വാർഡുകളിലെ മാലിന്യങ്ങൾ ശേഖരിച്ച് ഒരിടത്ത് കൊണ്ടുവന്ന ശേഷം വാഹനങ്ങളിൽ കയറ്റി നിലയ്ക്കാമുക്കിലെ മാർക്കറ്റിനുള്ളിലെ ശേഖരണ സ്ഥലത്ത് എത്തിക്കും. തുടർന്ന് ഇതിനെ രണ്ടായി തരം തിരിച്ച് ചാക്കുകളിൽ നിറച്ചശേഷം പിന്നീട് അത് പാഴ് വസ്തുക്കൾ ശേഖരിക്കുന്ന ഏജൻസിക്ക് കൈമാറും. എന്നാൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത നിരവധി വീടുകൾ ഉണ്ടെന്ന് ഇവർ പറയുന്നു. അവർ ആ മാലിന്യങ്ങൾ കത്തിച്ചു കളയുകയാണ്. ഇത്തരത്തിൽ മാലിന്യം ശേഖരിക്കാൻ നിലവിൽ ഒാരോ വീട്ടുകാരും നാല്പത് രൂപ നൽകണം. ഇതൊഴിവാക്കാനാണ് പ്ലാസ്റ്റിക് ചിലർ നൽകാതിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.