general

ബാലരാമപുരം: കാലിൽ വ്രണം ബാധിച്ച് നിരാലംബനായ യുവാവിന്റെ രക്ഷകരായി ബാലരാമപുരം ജനമൈത്രി പൊലീസും സീനിയർ സിറ്റിസൺ ക്ലബും. ഇടുവ ലക്ഷം വീട് കോളനിയിൽ ദിലീപിനാണ് (37) ഇവരുടെ സഹായഹസ്തം ലഭിച്ചത്. കൂലിക്ക് ആട്ടോറിക്ഷ ഓടിച്ചാണ് ദിലീപ് ഉപജീവനം നടത്തിയിരുന്നത്. കാലിലെ വ്രണവും പ്രമേഹവും കൂടിയായപ്പോൾ ജോലിക്ക് പോകാൻ കഴിയാതായി. മാതാപിതാക്കൾ നഷ്ടപ്പെട്ട ദിലീപിന് കിടപ്പാടമില്ല.ജോലിക്ക് പോയിരുന്നപ്പോൾ ആട്ടോയിലായിരുന്നു അന്തിയുറക്കം. നടക്കാൻ കഴിയാതായതോടെ നാട്ടുകാർ പൊലീസിനെ വിളിച്ചറിയിച്ചു. ബാലരാമപുരം സി.ഐ ജി. ബിനുവിന്റെ നിർദ്ദേശത്തെ തുടർന്ന് ജനമൈത്രി പൊലീസ് പി.ആർ.ഒ സജീവ്, സീനിയർ സിറ്റിസൺസ് ബാലരാമപുരം ചെയർമാൻ ബാലരാമപുരം അൽഫോൺസ്,​ ഇടുവ പുലരി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശശി,​ സെക്രട്ടറി ജയചന്ദ്രൻ എന്നിവർ സഹായത്തിനെത്തി. തുടർ ചികിത്സക്കായി ദിലീപിനെ സിസിലിപുരം പുനർജനി സേവാകേന്ദ്രത്തിലേക്ക് മാറ്റി. ദിലീപിന് ഭക്ഷണവും പരിചരണവും നൽകുമെന്ന് പുനർജനി പ്രസിഡന്റ് അറിയിച്ചു.