തിരുവനന്തപുരം: ആൾക്കൂട്ടകൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനടക്കമുള്ള കലാകാരന്മാർക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിൽ പ്രതിഷേധിച്ച് സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ 10,​001 സാംസ്‌കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തെഴുതും. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കാൻ സാംസ്‌കാരിക നായകന്മാർ പ്രധാനമന്ത്രിക്കയച്ച കത്ത് അതേരീതിയിൽ എഴുതിയാണ് അയയ്ക്കുന്നതെന്ന് സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം 10ന് തിരുവനന്തപുരത്ത് നടത്തും. തുടർന്ന് 17വരെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമങ്ങളും കത്തയയ്ക്കലും നടക്കും.