photo

നെടുമങ്ങാട് : കാറുകളിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും വാഹന രജിസ്ട്രേഷൻ രേഖകളും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച കേസിൽ കരകുളം മുക്കോല കുന്നൂർക്കൽ മഹേഷ് ഭവനിൽ എം. മഹേഷ് (26), കുന്നൂർക്കൽ ലക്ഷംവീട്ടിൽ ജെ. ശംഭു (24) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ സ്വദേശിയായ അക്ഷയ് കുമാറിന്റെയും ഭാര്യയുടെ ബന്ധുവിന്റെയും കാറുകളിലാണ് മോഷണം നടന്നത്. വേങ്കോട് ചെട്ടിവിളയിൽ രണ്ടു കാറുകളും റോഡു സൈഡിൽ പാർക്ക് ചെയ്തശേഷം ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് മോഷണം.

മോഷ്ടിച്ച ലാപ്ടോപ്പിന്റെ പാസ് വേഡ് ഏണിക്കര വച്ച് മാറാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമയുടെ സഹായത്തോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ മോഷണ വിവരം പുറത്തായത്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, എ.എസ്.ഐ പ്രദീപ്. എസ്.സി.പി.ഓമാരായ ഫ്രാങ്ക്ളിൻ, രജിത്, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.