action-against-police-of

തിരുവനന്തപുരം: ജയിലിൽ നിന്നും കോടതിയിലേക്ക് പ്രതികളെ കൊണ്ടുപോകുന്നതിനായി പൊലീസുകാരെ നിയോഗിക്കാത്തതിനാൽ അസിസ്റ്റന്റ് കമ്മീഷണർ അടക്കം 4 പേർക്കെതിരെ ശിക്ഷാ നടപടി. നന്ദാവനം എ.ആർ.ക്യാമ്പിലെ അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് ബാബു, പൊലീസുകാരായ സനോജ്, മഹേഷ്, അഖിൽ എന്നിവർക്കെതിരെയാണ് നടപടി. അസി.കമ്മീഷണർക്ക് കുട്ടിക്കാനത്ത് 10 ദിവസത്തെ പരിശീലനവും മറ്റ് പൊലീസുകാർക്ക് അവരുടെ സ്വന്തം സ്ഥലത്തെ പൊലീസ് സ്‌റ്റേഷനുകളിൽ ഡ്യൂട്ടിയുമാണ് ഡി.ജി.പി നിർദ്ദേശിച്ചിട്ടുള്ളത്. പൊലീസുകാർക്ക് ഡ്യൂട്ടി വിഭജിച്ച് നൽകുന്ന വിഭാഗത്തിലെ ചുമതലക്കാരാണിവർ.
വിചാരണ തടവുകാർ കൃത്യമായി കോടതിയിൽ എത്താത്തതിനെ തുടർന്ന് തിരുവനന്തപുരം സെക്ഷൻസ് കോടതി, ജയിൽ അധികൃതരോട് വിശദീകരണം തേടി. തുടർന്ന് കോടതിയിലേക്ക് പ്രതികളെ കൊണ്ടുപോകാൻ പൊലീസുകാരെ നിയോഗിക്കുന്നില്ലെന്ന വിവരം ജയിൽ അധികൃതർ ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഡി.ജി.പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

എന്നാൽ അസോസിയേഷൻ നേതാക്കളടക്കമുള്ള ഒരു വിഭാഗത്തിനെ എ.ആർ ക്യാമ്പിലെ ജോലികളിൽ നിന്നും സ്ഥിരമായി ഒഴിവാക്കുന്നതാണ് ഡ്യൂട്ടിക്ക് ആളില്ലാതെ വരുന്നതിന് കാരണമെന്നും ആരോപണമുണ്ട്.