 കേന്ദ്ര ഫണ്ട് കുറഞ്ഞെന്നും മന്ത്രി ബാലൻ

തിരുവനന്തപുരം: ഉയർന്ന ജനസംഖ്യയും കേന്ദ്ര സഹായത്തിലെ കുറവും പരിഗണിച്ചാണ് ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിൽ നിന്ന്

പിന്നാക്കക്കാരെ ഒഴിവാക്കിയതെന്ന് മന്ത്രി എ.കെ.ബാലന്റെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ് നടപ്പാക്കിത്തുടങ്ങിയ 2011 -12 മുതൽ ഗവൺമെന്റ്, എയ്ഡഡ് സ്ഥാപനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം 2018-19 മുതൽ വാർഷിക വരുമാന പരിധി 44,500 രൂപയിൽ നിന്നു 2.5 ലക്ഷം രൂപയായും സ്‌കോളർഷിപ്പ് തുക 1500 രൂപയായും ഉയർത്തി.

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് മുസ്ലിം, ക്രിസ്ത്യൻ വിഭാഗക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ഈഴവ, വിശ്വകർമ്മ, നാടാർ വിദ്യാർത്ഥികളെ വെട്ടുകയും ചെയ്തത് കേരളകൗമുദി റിപ്പോർട്ടു ചെയ്തതിനുള്ള പ്രതികരണമായാണ് കുറിപ്പ് ഇറക്കിയത്.

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പും ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പും കേന്ദ്ര സർക്കാരിന്റെ രണ്ട് മന്ത്രാലയങ്ങൾക്കു കീഴിലുള്ള വ്യത്യസ്ത പദ്ധതികളാണെന്നും പറയുന്നു. സംസ്ഥാനത്ത് ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയും ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേനയുമാണ് നടപ്പാക്കുന്നത്.

50 ശതമാനം കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയാണ് ഒ.ബി.സി സ്‌കോളർഷിപ്പ്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് തുക അനുവദിക്കുന്നത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പുറപ്പെടുവിച്ച മാനദണ്ഡങ്ങളും, സംസ്ഥാന സർക്കാരിന്റെ 2012 ഡിസംബർ 18ലെ ഉത്തരവും പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ച് പ്രതിവർഷം ശരാശരി 6.5 ലക്ഷം വിദ്യാർത്ഥികൾ പദ്ധതിയുടെ പരിധിയിൽ വരും. ഇത്രയും പേർക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നതിന് 100 കോടി രൂപ ആവശ്യമാണ്. നടപ്പു വർഷം 5.72 കോടി രൂപ മാത്രമാണ്‌ കേന്ദ്രം അനുവദിച്ചത്. സംസ്ഥാന സർക്കാർ 25 കോടി രൂപ ബഡ്ജറ്റിൽ വകകൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പറഞ്ഞു.