cmdubai

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ച നോൺ റസിഡന്റ് കേരളൈറ്റ്സ് എമർജിംഗ് എന്റർപ്രണേഴ്സ് മീറ്റ് (നീം) സംഗമത്തിൽ ധാരണയായി. പ്രവാസി സംരംഭകരുടെ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ്സ് കമ്പനിയുടെ നേതൃത്വത്തിലായിരുന്നു സംഗമം.

ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിൽ ഇതിനുള്ള ധാരണകൾ ഒപ്പുവെയ്ക്കും.

ഡി.പി വേൾഡ് 3500 കോടി (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് വിഭാഗം ), ആർ.പി ഗ്രൂപ്പ് 1000 കോടി (ടൂറിസം), ലുലു ഗ്രൂപ്പ് 1500 കോടി (റീ ടെയിൽ മേഖല), ആസ്റ്റർ 500 കോടി (ആരോഗ്യമേഖല), മറ്റു ചെറുകിട സംരംഭകർ 3500 കോടി എന്നിങ്ങനെയാണ് നിക്ഷേപം നടത്തുക.

പ്രവാസി സംരംഭകർക്ക് വേണ്ട സഹായങ്ങൾ നൽകാൻ ഉന്നത തല നിക്ഷേപക കൗൺസിൽ രൂപീകരിക്കുമെന്നും. നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻനിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വിധത്തിലും കേരളം അതിവേഗം പുരോഗമിക്കുകയാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും പ്രവാസി സംരംഭകർ മുന്നോട്ടു വരണം.

2018 ജനുവരിയിലെ ആദ്യ ലോകകേരള സഭാ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് നിക്ഷേപകമ്പനി രജിസ്റ്റർ ചെയ്തത്. കമ്പനിയുടെ ഓഹരി മൂലധനത്തിൽ 26 ശതമാനം സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. ബാക്കി പ്രവാസി മലയാളികളുടേതാണ്. കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകാൻ പോകുന്നത് സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിൽ വൻ കുതിപ്പിന് വഴിയൊരുക്കും. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുമായി ഇതിനെ ബന്ധിപ്പിക്കും. ദേശീയ വ്യവസായ ഇടനാഴി പദ്ധതിയിൽ ആദ്യം കേരളം ഉൾപ്പെട്ടിരുന്നില്ല. സംസ്ഥാന സർക്കാർ പ്രത്യേകം പദ്ധതി തയ്യാറാക്കി, കേന്ദ്രത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. വ്യവസായ ഇടനാഴിയോട് അനുബന്ധിച്ച് വ്യവസായ ക്ലസ്റ്ററുകൾ രൂപീകരിക്കും. മുഖ്യമന്ത്രി പറഞ്ഞു.

ദുബായ് എയർപോർട്ട് റോഡിലുള്ള ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന സംഗമത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, പി.വി അബ്ദുൽ വഹാബ് എം.പി , നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ , പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ, ഐ.ബി.പി.സി ചെയർമാൻ സുരേഷ് കുമാർ, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്സ് കമ്പനി വൈസ് ചെയർമാൻ ഒ.വി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.