kerala-women

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷിതത്വത്തിനായുളള നിയമങ്ങളെ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടി വരികയാണെന്ന് വനിതാ കമ്മിഷൻ. തൈക്കാട് റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് മെമ്മോ നൽകിയതിന്റെ പേരിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്കെതിരെ യുവതി പരാതി നൽകിയ കേസ് പരിഗണിക്കുകയായിരുന്നു കമ്മിഷൻ. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ആരോപണം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് കമ്മിഷൻ യുവതിയെ താക്കീത് ചെയ്തു.

മകൻ സംരക്ഷിക്കുന്നില്ലെന്ന വൃദ്ധയായ അമ്മയുടെ പരാതിയിൽ അമ്മയ്ക്ക് മാസം തോറും 5500 രൂപ ചെലവിന് നൽകണമെന്ന് സർക്കാരുദ്യോഗസ്ഥനായ മകനോട് കമ്മിഷൻ ഉത്തരവിട്ടു. ഈ മാസം മുതൽ തുക കൈമാറണം. മരണപ്പെട്ട തന്റെ ഭർത്താവിന്റെ സർക്കാർ ജോലി ആശ്രിത നിയമനം മുഖേന മകന് ലഭിച്ചിട്ടും തനിക്ക് ചികിത്സയ്ക്കോ ഭക്ഷണത്തിനോ ആവശ്യമായ പണം നൽകുന്നില്ലെന്നായിരുന്നു അമ്മയുടെ പരാതി.
കുടുംബ-തൊഴിൽ പ്രശ്‌നങ്ങളാണ് കമ്മിഷനു മുമ്പിൽ കൂടുതലായി എത്തിയതെന്ന് കമ്മിഷൻ അംഗം ഇ.എം.രാധ വ്യക്തമാക്കി. അദാലത്തിൽ 250 കേസുകൾ പരിഗണിച്ചു. 59 കേസുകൾ തീർപ്പാക്കി. ഏഴെണ്ണത്തിൽ റിപ്പോർട്ട് തേടി. മൂന്ന് കേസുകളിൽ കൗൺസലിംഗ് നടത്തും.181 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അടുത്ത അദാലത്ത് ഈ മാസം 18ന് തൈക്കാട് റസ്റ്റ് ഹൗസിൽ നടക്കും.