തിരുവനന്തപുരം: ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന കോന്നിയിലെയും മഞ്ചേശ്വരത്തെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പരാമർശത്തിനോട് വി.കെ. പ്രശാന്തിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ എം.പി.
തിരഞ്ഞെടുപ്പിന് നാല് വോട്ട് കിട്ടാനുള്ള ഭക്തി മാത്രമേ എൽ.ഡി.എഫിനും ബി.ജെ.പിക്കുമുള്ളൂ. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രം തയ്യാറാണോയെന്നും മുരളീധരൻ ചോദിച്ചു. വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം പ്രളയത്തിൽ ജനങ്ങൾ കൈയയച്ച് സഹായിച്ച സാധനങ്ങൾ മലബാറിലേക്ക് കയറ്റി അയച്ചതാണോ മേയർ ബ്രോയുടെ മികവ്. ആദ്യ പ്രളയത്തിൽ കെ.വാസുകി അയച്ചതിന്റെ പകുതി പോലും ബ്രോ അയച്ചിട്ടില്ല. നോട്ടും വോട്ടുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ചോദിക്കുന്നത്. നോട്ട് മലിനീകരണ നിയന്ത്രണ ബോർഡിന് പിഴയടക്കാനാണെന്നും മുരളീധരൻ പറഞ്ഞു.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഡി. സുദർശനൻ അദ്ധ്യക്ഷനായി. എം.എൽ.എമാരായ വി.എസ് ശിവകുമാർ, എം. വിൻസന്റ്, കെ.എസ് ശബരീനാഥൻ തുടങ്ങിയവർ സംസാരിച്ചു.