jail-duty-reforms

തിരുവനന്തപുരം: 2020 മുതൽ ജയിൽ ഡ്യൂട്ടി പരിഷ്‌കരിക്കുന്നതിനായി തയ്യാറാക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾക്കെതിരെ നടക്കുന്ന പ്രചരണങ്ങൾ അവാസ്തവമാണെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പ്രസ്താവനയിൽ അറിയിച്ചു. വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിയോഗിച്ച കമ്മിറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഈമാസം മുതൽ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതെന്നും ആക്ഷേപങ്ങളോ പ്രായോഗിക ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അവ ഡിസംബർ 15ന് മുമ്പ് രേഖാമൂലം സമർപ്പിക്കാനും അവസരമുണ്ട്. വ്യത്യസ്തമായ സാദ്ധ്യതകൾ പരീക്ഷണാടിസ്ഥാനത്തിൽ അനുവർത്തിച്ച് നല്ല മാതൃക സ്വീകരിക്കാനുള്ള പരിശ്രമത്തെ ചില നിക്ഷിപ്ത താൽപര്യക്കാർ പരോക്ഷമായി എതിർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിൽ ജീവനക്കാർ അർദ്ധസൈനിക വിഭാഗത്തിൽപെടുന്നതിനാൽ 24 മണിക്കൂറും ഡ്യൂട്ടിയിലാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ജയിൽ ജീവനക്കാർക്ക് 24 മണിക്കൂർ ഡ്യൂട്ടി നിർബന്ധമായി ചെയ്യണമെന്ന് സർക്കുലറിൽ പറഞ്ഞിട്ടില്ല. 24 മണിക്കൂർ ഡ്യൂട്ടിയെ രണ്ട് ഡ്യൂട്ടികളായി ക്രമീകരിക്കണമെന്നാണ് സർക്കുലറിലുള്ളത്. 12 മണിക്കൂർ ഡ്യൂട്ടി ചെയ്യുന്നവർക്ക് അത്തരത്തിൽ ഡ്യൂട്ടി ചെയ്യുന്നതിന് തടസവുമില്ല.വനിതാ ജീവനക്കാർക്ക് ഡ്യൂട്ടിക്ക് വരാനും പോകാനും സൗകര്യമൊരുക്കി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഡ്യൂട്ടി മാറാവുന്ന വ്യവസ്ഥയും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് വിശദീകരിച്ചു.