ഇന്ന് മുതൽ പീഠം നിർമ്മാണം ആരംഭിക്കും
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർത്ഥത്തിന് മുൻവശത്തുള്ള കല്ലാനയെ പൂർണമായി പുറത്തെടുത്തു. ഭക്തരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലാനയെ സംരക്ഷിക്കാനുള്ള നടപടി ആരംഭിച്ചത്. ഒരടി പൊക്കത്തിൽ കോൺക്രീറ്റ് പീഠം ഉണ്ടാക്കാനാണ് കല്ലാനയെ പുറത്തെടുത്തത്. നിർമ്മാണത്തിന് ശേഷം കല്ലാനയെ അതിന് മുകളിൽ സ്ഥാപിക്കും. ഇന്ന് മുതൽ പീഠം നിർമ്മാണം ആരംഭിക്കും. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്തിന്റെ കാവൽക്കാരൻ എന്ന സങ്കൽപത്തിൽ കാർത്തിക തിരുന്നാൾ രാമവർമയുടെ കാലത്താണ് പദ്മതീർത്ഥത്തിന് മുമ്പിലായി കല്ലാന സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നിൽ രണ്ട് ഭാഗവും മണ്ണിനടിയിലാവുകയായിരുന്നു. 250 വർഷത്തോളം പഴക്കം കല്ലാനയ്ക്കുണ്ടെന്ന് കരുതുന്നു.
കല്ലാനയുടെ പാദം വരെ കാണത്തക്ക രീതിയിൽ നവീകരണം നടത്താനാണ് തീരുമാനം. ശേഷം പ്രതലം ടൈൽ പാകും. വശങ്ങളിൽ കൈവരി പിടിപ്പിക്കും. പുറത്തു നിന്നുള്ള വെള്ളം അകത്തേക്ക് കടക്കാതിരിക്കാനും അകത്തെ വെള്ളം പുറത്തു പോകുന്നതിനും സൗകര്യമൊരുക്കും. പദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസർ വി.രതീശന്റെ നിർദ്ദേശപ്രകാരം മാനേജർ ബി.ശ്രീകുമാറിന്റെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.