townhall

വർക്കല: ആരുകണ്ടാലും മൂക്കത്തു വരിൽ വച്ചുപോകും. അത്ര ദയനീയമാണ് വർക്കല നഗരസഭയുടെ അധീനതയിലുളള ജവഹർലാൽ നെഹ്റു മെമ്മോറിയൽ ടൗൺഹാളിന്റെ അവസ്ഥ.

ഓരോ ബഡ്ജറ്റിലും കോടികൾ വകയിരുത്തുന്നുണ്ടെങ്കിലും 'നവീകരണം' മാത്രം നടക്കുന്നില്ല. ബലക്ഷയത്താൽ തകർച്ച നേരിടുന്ന ഹാളിന്റെ നവീകരണത്തിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി. മാറിമാറി വരുന്ന നഗരസഭ ഭരണസമിതികൾക്കൊന്നും തന്നെ ടൗൺഹാളിന്റെ ജീർണതയ്ക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.

ആസ്‌ബറ്റോസ് ഷീറ്റ് പാകിയ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സീലിംഗ് ചോരുന്നുണ്ട്. സ്റ്റേജ് ഉൾപ്പടെയുളള ഹാളിന്റെ പലഭാഗങ്ങളും ചോർന്നൊലിക്കുന്നു. ഹാളിന്റെ മുകൾ ഭാഗത്തെ അലങ്കാര റൂഫിംഗ് പലഭാഗത്തും ഇളകിയനിലയിലാണ്. ചുമരുകളിലെ കയർമാറ്റുകൾ ദ്രവിച്ച് ഇളകി മാറിയിരിക്കയാണ്.

സ്റ്റേജിനകത്തെ അലങ്കാരങ്ങളും ലൈറ്റ് സംവിധാനങ്ങളും പ്രവർത്തനക്ഷമമല്ല.

ശബ്ദസംവിധാനങ്ങളും തകരാറിലാണ്. ശബ്ദസംവിധാനത്തിലെ പിഴവുകളും മുഴക്കവും സാംസ്‌കാരിക പരിപാടികൾ തടത്തുന്നതിന് തടസമാണ്. ആദ്യകാലങ്ങളിൽ വിവാഹങ്ങൾ വരെ ഈ ഹാളിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കെട്ടിടത്തിന്റെ ജീർണാവസ്ഥ നിമിത്തം വിവാഹമോ മറ്റു പരിപാടികളോ നടത്തുന്നില്ല. നഗരസഭയുടെ വരുമാന സ്രോതസ്സിന് മുതൽകൂട്ടാകാവുന്ന ഈഹാൾ നവീകരിക്കുന്നതിന് അധികൃതർ കാട്ടുന്ന അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മിനിഹാളും തകർച്ചയിൽ

പ്രധാന കെട്ടിടത്തോടനുബന്ധിച്ച് നിർമ്മിച്ച മിനിഹാളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സീലിംഗും ഭിത്തികളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കോൺക്രീറ്റ് കമ്പികൾ പുറത്ത് കാണാൻ കഴിയുന്ന തരത്തിൽ സീലിംഗിലെ സിമന്റ് പാളികൾ ദിനംതോറും അടർന്ന് വീഴുന്നു. കാലപ്പഴക്കത്താൽ കെട്ടിടം നശിക്കുകയാണ്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ സാംസ്‌കാരിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും പരിപാടികൾ നടത്തുന്നതിനായി ഇപ്പോഴും ചില അവസരങ്ങളിൽ ഹാളിനെ ആശ്രയിക്കുന്നു. എന്നാൽ വേദി അനുയോജ്യമാക്കുന്നതിന് ഏറെ വെല്ലുവിളി നേരിടേണ്ടി വരുന്നു.

 1985-ൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം.

 2018-19 ലെ നഗരസഭ ബഡ്ജറ്റിൽ ടൗൺഹാൾ നവീകരിക്കുന്നതിന് വകയിരുത്തിയത് 2 കോടി രൂപ

 എന്നാൽ നവീകരണം നടന്നില്ല.

 2019-20 ലെ ബഡ്ജറ്റിൽ വകയിരുത്തിയത് 1.5 കോടി രൂപ

 നിലവിലെ നവീകരണ പദ്ധതി 2.05 കോടി രൂപ

ടൗൺഹാൾ നവീകരണം ഉടൻ ആരംഭിക്കും. ഇതിനായുളള സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഈ ഭരണസമിതിയുടെ കാലാവധി തീരുന്നതിനു മുമ്പുതന്നെ പുനർനിർമ്മാണം പൂർത്തിയാക്കും.

- ബിന്ദുഹരിദാസ്, വർക്കല നഗരസഭ ചെയർപേഴ്സൺ

ജീർണാവസ്ഥയിൽ തുടരുന്ന ടൗൺഹാളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം നടത്തേണ്ടതുണ്ട്.

- ജി. സാബു, പൊതുപ്രവർത്തകൻ

ഫോട്ടോ: ജീർണാവസ്ഥയിലായ വർക്കല ടൗൺഹാൾ