problems-of-differently-a

തിരുവനന്തപുരം: സ്ഥാനക്കയറ്റത്തിന് സംവരണം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കി ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകേണ്ട സർക്കാർ അവരെ അവഗണിക്കുന്നതായി പരാതി. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നൽകണമെന്ന് 2016ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ,​ ആന്ധ്രാപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ സ്ഥാനക്കയറ്റങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിശ്ചിതസംവരണം ഏർപ്പെടുത്തിയെങ്കിലും കേരള സർക്കാർ ഇതിന് തയ്യാറായിട്ടില്ല. നിലവിൽ സർക്കാർ ജോലിയിൽ എൻട്രികേഡറിൽ മാത്രമാണ് ഭിന്നശേഷിക്കാർക്ക് സംവരണമുള്ളത്. ക്ലാസ്‌ഫോർ മുതൽ ക്ലാസ് ഒന്നു വരെ സ്ഥാനക്കയറ്റം വരുമ്പോൾ ഭിന്നശേഷിക്കാർക്ക് സംവരണം നൽകണമെന്നായിരുന്നു ഉത്തരവ്. കാഴ്ചയില്ലാത്തവർ, കേൾവിശക്തിയില്ലാത്തവർ, അസ്ഥിവൈകല്യം സംഭവിച്ചവർ എന്നിവർക്ക് 1:1:1 എന്ന അനുപാതത്തിലായിരിക്കണം ഈ സംവരണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം സർക്കാർ ജോലിയിൽ എത്ര ഭിന്നശേഷിക്കാർ ഉണ്ടെന്നുള്ള കണക്ക് പോലും ഗവൺമെന്റിന്റെ കൈയിൽ ഇല്ലെന്നാണ് വിവരം.

ഭിന്നശേഷിക്കാർക്ക് ഇരട്ടിലാഭം വേണ്ടെന്ന്
എൻട്രികേഡറിൽ സംവരണം ലഭിച്ചാണ് ഭിന്നശേഷിക്കാർ സർവീസിൽ എത്തുന്നത്. അതിനൊപ്പം സ്ഥാനക്കയറ്റത്തിന് കൂടി സംവരണം നൽകിയാൽ അത് അവർക്ക് ഇരട്ടിലാഭമാകുമെന്നാണ് ഭിന്നശേഷിക്കാർക്ക് തസ്‌തിക കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധസമിതിയുടെ നിലപാട്.

നിയമവകുപ്പ് ഒളിച്ചുകളിക്കുന്നു

ഭിന്നശേഷി ജീവനക്കാരുടെ പ്രമോഷന് സംവരണം നൽകണമെന്ന സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണമെന്ന് കാണിച്ച് ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ.ആനന്ദ് 2018ൽ കോടതിയുത്തരവ് സഹിതം പ്രധാനമന്ത്രിയുടെ ഓഫീസിനും കേരള മുഖ്യമന്ത്രിക്കും സാമൂഹ്യനീതി മന്ത്രിക്കുമടക്കം നിവേദനം നൽകിയിരുന്നു. തുടർന്ന് സാമൂഹ്യനീതി വകുപ്പ് നിയമവകുപ്പിന്റെ അഭിപ്രായം തേടി. എന്നാൽ സംവരണം നൽകണമെന്ന് കോടതി ഉത്തരവുണ്ടെന്ന് പോലും പറയാതെ ഭരണവകുപ്പിന് തീരുമാനം കൈക്കൊള്ളാമെന്ന ഒഴുക്കൻ മറുപടി നൽകി നിയമവകുപ്പ് ഫയൽ തിരിച്ചുനൽകുകയായിരുന്നു.

1958-ലെ കേരള സബോർഡിനേറ്റ്‌ സർവീസ് റൂൾസ് ചട്ടം 28 പ്രകാരം യോഗ്യത, സീനിയോറിട്ടി, പ്രത്യേക പരീക്ഷയിലെ വിജയം എന്നിവ അടിസ്ഥാനമാക്കി മാത്രമാണ് സ്ഥാനക്കയറ്റം നൽകുന്നതെന്നാണ് ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിൽ സാമുദായിക സംവരണമോ മറ്റുസംവരണങ്ങളോ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഭിന്നശേഷിക്കാരുടെ ഉദ്യോഗക്കയറ്റത്തിന് സംവരണം സാദ്ധ്യമല്ലെന്നാണ് വിശദീകരണം.

സുപ്രീംകോടതിവിധി ശ്രദ്ധയിൽപെട്ടിട്ടില്ല. വിഷയത്തെക്കുറിച്ച് പഠിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. ബിജു പ്രഭാകർ,​ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി