കിളിമാനൂർ: മാനത്ത് മഴക്കാർ കണ്ടാൽ മതി. പുതിയകാവ് മുതൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെയുള്ള ഒരു കിലോമീറ്റർ റോഡ് തോടായിമാറുമെന്നാണ് നാട്ടുകാർ പറയുന്നത്. സംഗതി അത്ര തമാശയല്ല. ചാറ്റൽ മഴയിൽപോലും കടുത്ത വെള്ളക്കെട്ടാണിവിടം. മഴക്കാലമായാതോടെ റോഡ് തോടാകും. മാലിന്യങ്ങൾ റോഡിലൂടെയും ഒഴുകി പരക്കും. റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും മാലിന്യപ്രവാഹമെത്തും .
പുതിയകാവ് മുതൽ പഞ്ചായത്ത് സ്റ്റാൻഡ് വരെയുള്ള ഒരു കിലോമീറ്റർ പ്രദേശം പൊതുവേ ചരിഞ്ഞ ഭൂമി ആയതിനാൽ പുതിയ കാവിൽ സ്ഥിതി ചെയ്യുന്ന പബ്ലിക് മാർക്കറ്റിലെ മത്സ്യമാലിന്യം ഉൾപ്പെടെയുള്ളവയാണ് റോഡിലൂടെ ഒഴുകി വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നത്. ഈ ഒരു കിലോമീറ്ററിൽ ഒരു വശത്ത് മാത്രമാണ് ഓടയുള്ളത്. ഈ ഓടകളിൽ വന്നടിയുന്ന മണ്ണും മാലിന്യങ്ങളും യഥാസമയം മാറ്റാൻ കെ.എസ്.ടി.പി തയ്യാറാകാത്തത് കാരണം ഓടകൾ മാലിന്യങ്ങൾ കൊണ്ട് നിറയുകയും മഴക്കാലത്ത് അറവ് മാലിന്യങ്ങൾ ഉൾപ്പെടെ റോഡിലൂടെ ഒഴുകുകയുമാണ്. ഇത് കൂടാതെ ഓടകൾക്ക് മുകളിൽ ചരക്ക് ലോറികൾ ഉൾപ്പെടെയുള്ളവ കയറ്റുന്നതിനാൽ സ്ലാബുകൾ പൊട്ടിയും ഓടകൾ അടയുന്നു. ഓടകൾ മുറിച്ച് വീടുകളിലേക്ക് വാട്ടർ കണക്ഷൻ ഉൾപ്പെടെയുള്ളവ കടന്നു പോവുന്നതിനാൽ ഈ പൈപ്പുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ വന്നടിഞ്ഞും ഓടകൾ അടയുന്നത് പതിവാണ്. വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഓടകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മലിനജലം റോഡിലൂടെ ഒഴുകുന്നതിന് കാരണമാകുന്നു. ഈ ഒരു കിലോ മീറ്റർ റോഡ് കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നവീകരിക്കുന്നതിന് ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നവീകരിക്കുന്നതിനോടൊപ്പം ഇരു വശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ ഓടകൾ സ്ഥാപിക്കുകയും ഓടകളിൽ കൂടിയുള്ള പൈപ്പ് ലൈൻ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
* മാലിന്യം ഒഴുകുന്നത് പുതിയകാവ് മുതൽ പഞ്ചായത്ത് സ്റ്റാൻഡ് വരെ
* ഓടകൾ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു
* വാഹനങ്ങൾ കയറിയു സ്ലാബുകൾ പൊട്ടിയും ഓടകൾ മൂടുന്നു
* ഇടയ്ക്ക് ഓട വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ ഓടകൾക്ക് സമീപം ഇടുന്നു
അടുത്ത മഴയിൽ ഈ മാലിന്യങ്ങൾ വീണ്ടും ഓടകളിൽ നിറയുന്നു
പ്രതികരണം
റോഡ് നവീകരിക്കുന്നതോടൊപ്പം ശാസ്ത്രീയമായ രീതിയിൽ ഓടകൾ നിർമിക്കുന്നതിനും ഓടകൾ സംരക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ കെ.എസ്.ടി.പിയെ ചുമതലപെടുത്തും.
- ബി. സത്യൻ എം.എൽ.എ