നെയ്യാറ്റിൻകര: കരമന-കളിയിക്കാവിള സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിലവിൽ ഒച്ചിഴയും വേഗതയെന്നാണ് ആക്ഷേപം. കേന്ദ്രസർക്കാരിന്റെ ദേശീയപാത വികസന മാനദണ്ഡങ്ങൾ പരിഗണിക്കപ്പെടുവാൻ കഴിയാത്തത് കാരണം എൻ-എച്ച് 47 എന്ന കരമന-കളിയിക്കാവിള ദേശീയപാത ഇപ്പോൾ സംസ്ഥാന പാത 66 ആണ്. പകരം കഴക്കൂട്ടം-കാരോട് പാത ഇരട്ടിപ്പിച്ച് ദേശീയ പാത നിർമ്മാണം സമാന്തരമായി നടക്കുകയും ചെയ്യുന്നു.
പ്രാവചമ്പലം മുതൽ കൊടിനട വരെയുള്ള രണ്ടാം ഘട്ട വികസനവും ഇഴഞ്ഞു നീങ്ങുകയാണ്. പള്ളിച്ചലിലും സമീപ പ്രദേശത്തും അലൈൻമെന്റിൽ നിർദ്ദേശിച്ചിട്ടുള്ളതിനക്കാൾ ഉയരം ഇപ്പോൾ കൃത്രിമമായി കൂട്ടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലുമാണ്.
കൊടിനട മുതൽ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ ഗതാഗത കുരുക്കിൽപ്പെട്ടിരിക്കുകയാണ് നാട്ടുകാർ. ഇവിടുത്തെ റോഡിന്റെ വീതികൂട്ടാൻ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പ്രഖ്യാപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള സോഷ്യൽ ഇംപാക്ട് പഠനം പരോഗമിക്കുന്നതേയുള്ളു.
സോഷ്യൽ ഇംപാക്ട് പഠനം പൂർത്തിയാക്കിയാൽ മാത്രമേ നെയ്യാറ്റിൻകര ടൗൺ പ്രദേശത്തുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയും ആരംഭിക്കാൻ കഴിയുകയുള്ളു. നെയ്യാറ്റിൻകരയിൽ 35.4 മീറ്റർ വീതിയിൽ റോഡ് നാലുവരിയായി വികസിപ്പിക്കാനായി സ്ഥലം ഏറ്റെടുക്കാനായുള്ള പ്രരംഭ നടപടി പോലുമായിട്ടില്ല. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന റോഡിൽ എതിർവശത്തു നിന്നു മാത്രം ഭൂമി ഏറ്റെടുക്കണമെന്ന നിർദ്ദേശം പരിഗണനയിലാണ്. സാദ്ധ്യതാ പഠനം പൂർത്തിയായാൽ ഏറ്റെടുക്കൽ നടപടി തുടങ്ങുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നെങ്കിലും കൊടിനട -വഴിമുക്ക് റോഡ് വികസനം സാദ്ധ്യമായാൽ മാത്രമേ ഇങ്ങോട്ടുള്ള നടപടി ആരംഭിക്കാനാകു.