photo

നെടുമങ്ങാട് : അടുത്തകാലം വരെ അരുവിക്കര ദേവീക്ഷേത്രത്തിലെത്തുന്ന ഭക്തർ ക്ഷേത്ര മത്സ്യങ്ങളെന്നു സങ്കല്പിച്ച് ഡാം റിസർവോയറിൽ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കാറുണ്ടായിരുന്നു. ഭക്തർ വിതറുന്ന മലരും അരിയും തിന്നാൻ മത്സ്യങ്ങൾ വെള്ളത്തിൽ നിന്ന് കൂട്ടത്തോടെ ഉയർന്നു വരും. ഇങ്ങനെയുള്ള 'മത്സ്യ ഊട്ട്' അരിമ്പാറ മാറ്റാൻ ഉത്തമമാണെന്ന് ഒരു വിശ്വാസവും അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഈയിടെയായി മലരും അരിയുമായി എത്തുന്ന ഭക്തർ നിരാശരായി മടങ്ങുകയാണ് പതിവ്. തീറ്റ ഭക്ഷിക്കാൻ മീനുകളൊന്നും വരാറില്ല. പ്ലാസ്റ്റിക്കും പാഴ്ച്ചെടികളും ചപ്പുചവറും മറ്റു മാലിന്യങ്ങളും കൊണ്ട് മലിനമായ റിസർവോയറിൽ മീനുകൾ ഉൾപ്പടെയുള്ള ജലജീവികൾ ചത്ത് പൊന്തുന്നത് പതിവ് കാഴ്ചയാണ്. ഡാമിൽ നിന്ന് നഗരപ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിലും മാലിന്യത്തിന്റെ അളവ് പെരുകുന്നുവെന്ന പരാതി ശക്തിപ്പെട്ടിട്ടുണ്ട്. ചെളിയും വിസർജ്യ വസ്തുക്കളും ഇവിടെ നിന്ന് വിതരണം ചെയ്യുന്ന ''ശുദ്ധജലത്തിൽ"" ശ്രദ്ധയിൽപ്പെട്ടത് വിവാദമായിരുന്നു. പട്ടി, പൂച്ച, കാക്ക തുടങ്ങി സംഭരണിയിൽ വീണഴുകുന്ന പക്ഷിമൃഗാദികളും മലിനീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം പമ്പിംഗ് യന്ത്രങ്ങളിൽ കുടുങ്ങി ജലവിതരണം തടസപ്പെടുന്നതും തുടർക്കഥയാണ്. എന്നാൽ പരിശോധനകൾ പ്രഹസനമാകുന്നതായാണ് ആക്ഷേപം. കുപ്പിവെള്ള പ്ലാന്റ് അടക്കം പുതിയ ശുദ്ധജല വിതരണ പദ്ധതികൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും ജലസംഭരണി ശുചീകരിക്കാൻ വാട്ടർഅതോറിട്ടി തയാറല്ല.