തിരുവനന്തപുരം: മലയാളത്തിലെ ഭാവുകത്വ പരിണാമത്തിൽ ചാലകശക്തിയായി പ്രവർത്തിച്ച കവിയാണ് ആറ്റൂർ രവിവർമ്മയെന്ന് കേന്ദ്ര സാഹിത്യ അക്കാഡമി ദക്ഷിണമേഖല ചെയർമാൻ പ്രഭാവർമ്മ പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാഡമി സംഘടിപ്പിച്ച ആറ്റൂർ സ്‌മൃതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള കവിതയിൽ പരിവേഷ നഷ്ടം സാദ്ധ്യമാക്കിയ കവിയായിരുന്നു ആറ്റൂരെന്നും പ്രഭാവർമ്മ അനുസ്‌മരിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അജയപുരം ജ്യോതിഷ് കുമാർ, പ്രൊഫ. ദേശമംഗലം രാമകൃഷ്ണൻ, സരിതാ വർമ്മ, വിനോദ് വൈശാഖി, സുമേഷ് കൃഷ്ണൻ, ശാന്തൻ, എം. ബാബുക്കുട്ടി എന്നിവർ സംസാരിച്ചു. കവി അൻവർ അലി സംവിധാനം ചെയ്‌ത ആറ്റൂരിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.