mbbs-exam

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പരീക്ഷാ ഹാളുകളിൽ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിൽ ആരോഗ്യ സർവകലാശാല വിലക്കേർപ്പെടുത്തി. പി.എസ്.സി പരീക്ഷാ തട്ടിപ്പിന്റെ പശ്ചാത്തലത്തിലും ആറ് മെഡിക്കൽ കോളേജുകളിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നുമാണ് തീരുമാനം. എല്ലാ പരീക്ഷാ ഹാളിലും ക്ലോക്കുകൾ സ്ഥാപിക്കും. കോളേജുകൾ തന്നെ പരീക്ഷാ ഹാളിൽ കുടിവെള്ളം ലഭ്യമാക്കും.
വലിപ്പമുള്ള മാലകൾ, വള, മോതിരം തുടങ്ങിയ ആഭരണങ്ങൾക്കും പരീക്ഷാ ഹാളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയെഴുതാൻ സാധാരണ ബോൾ പോയിന്റ് പേനകൾ മാത്രമേ ഉപയോഗിക്കാവൂ. ഇതും പരീക്ഷാഹാളിൽ കോളേജ് അധികൃതർ ലഭ്യമാക്കും.
കഴിഞ്ഞ ഗവേണിംഗ് കൗൺസിലാണ് പരീക്ഷാ ബോർഡിന്റെ ശുപാർശയനുസരിച്ച് നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമെടുത്തത്. ഉടൻതന്നെ നിർദ്ദേശം കോളേജുകൾക്ക് കൈമാറുമെന്ന് ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എ.നളിനാക്ഷൻ പറഞ്ഞു.
ആലപ്പുഴയിലെയും എറണാകുളത്തെയും സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം എസ്.യു.ടി, കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്, വർക്കല എസ്.ആർ എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും കോപ്പിയടി കണ്ടെത്തിയിരുന്നു.