തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ ഇന്നലത്തെ പര്യടനം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. വൈദികരും പൂജാരിമാരും ഭക്തരുമായി മോഹൻകുമാർ ആശയവിനിമയം നടത്തി. നാലാഞ്ചിറ, പരുത്തിപ്പാറ, മുട്ടട എന്നിവിടങ്ങളിലെ വിവിധ പള്ളികളിൽ വിശ്വാസികളെ കണ്ട് രാവിലെ വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് പട്ടം സെന്റ് മേരീസ് പള്ളിയിൽ നിന്നും ആരാധന കഴിഞ്ഞു മടങ്ങിയവരെ സന്ദർശിച്ചു. നെട്ടയം ചെറുപാലോട് ദേവീക്ഷേത്ര സപ്താഹത്തിൽ പങ്കെടുക്കാനാണ് പിന്നീട് പോയത്. അവിടെനിന്നും ചാരാച്ചിറയിലെ പെന്തകോസ്ത് പള്ളിയിലെത്തി വിശ്വാസികളെ സന്ദർശിച്ചു. എല്ലായിടത്തും വിശ്വാസികളോട് കുശലാന്വേഷണവും വോട്ടഭ്യർത്ഥനയുമായി സ്ഥാനാർത്ഥി സജീവമായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ കെ. മുരളീധരൻ, ശശി തരൂർ എന്നിവർ പ്രചാരണത്തിന് എത്തിയത് യു.ഡി.എഫ് ക്യാമ്പിന് ആവേശമായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് വഴയിലയിലെയും പാറ്റൂരിലയും പള്ളികൾ സന്ദർശിച്ചാണ് ഇന്നലെ വോട്ടഭ്യർത്ഥന ആരംഭിച്ചത്. പാറ്റൂർ പള്ളിയിൽ നടൻ അലൻസിയറെ കണ്ടു. അദ്ദേഹം പ്രശാന്തിന് പൂർണ പിന്തുണയറിയിച്ചു. തുടർന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ ഓഫീസിലെത്തി സന്ദർശിച്ചു. വഴയില പേറ്റികോണത്ത് ഗൗഢസാരസ്വധബ്രാഹ്മണ സഭയുടെ സംഗമത്തിലും പങ്കെടുത്തു.

എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷും ആരാധനാലയങ്ങളിൽ എത്തി വോട്ടദ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു. ഹോളി ക്രാസ് ചർച്ചിൽ എത്തി വോട്ടർമാരെ നേരിൽക്കണ്ട ശേഷം പരുത്തിപ്പാറ ഇമ്മാനുവൽ മാർതോമാ ചർച്ചിലും സന്ദർശനം നടത്തി. മരുതംകുഴിയിലെ കേരളാശ്രമത്തിലെ നവരാത്രി മഹോത്സവത്തിലും പങ്കെടുത്തു.